കനേഡിയൻ പ്രവാസി ഹസൻ തമീമിക്ക് പ്രായം 25. ഇതിനോടകം 30 തവണയാണ് തമീമി ജപ്പാൻ സന്ദർശിച്ചിട്ടുള്ളത്. എന്തിനാണ് ഇത്രയും തവണ ഒരാൾ ജപ്പാൻ സന്ദർശനം നടത്തുന്നതെന്നത് കേൾക്കുന്ന എല്ലാവർക്കും അത്ഭുതമായിരിക്കും എന്നാൽ യു എ ഇ യിലെ പോപ്പ് കൾച്ചർ ശേഖരണ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ച ‘ ദി ലിറ്റിൽ തിങ്സിന്റെ മാനേജിങ് ഡയറക്ടറായ ഹസൻ തമീമിക്ക് അത് തന്റെ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി നടത്തുന്ന യാത്ര മാത്രമല്ല. പോപ്പ് കൾച്ചറിലെ ജാപ്പനീസ് ശേഖരങ്ങൾ സ്വന്തമാക്കാനുള്ള അടങ്ങാത്ത ആവേശത്തിന്റെ യാത്ര കൂടിയാണ്.
ഒരു സംരംഭക കുടുംബത്തിൽ ജനിച്ച തമീമിയുടെ മുത്തച്ഛൻ 1982 ൽ ദുബൈയിൽ അൽ തന്നൻ ഗ്രൂപ്പ് എന്ന പേരിൽ ആദ്യ സംരംഭം ആരംഭിച്ചു. തമീമിയുടെ പിതാവും ഫാസ്റ്റ് ഫുഡ്, അടുക്കള ഉപകരണങ്ങൾ എന്നിവയുടെ ബിസിനസ്സിലേക്കും തിരിഞ്ഞു. അവരോടൊപ്പം വളർന്ന തമീമിയും ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ തന്റെ ബിസിനസ്സ് മിടുക്ക് വളർത്തിയെടുക്കുകയായിരുന്നു.
കുട്ടിക്കാലം മുതൽക്കേ ശേഖരണങ്ങളിൽ അഭിനിവേഷമുള്ള തമീമി തന്റെ ഹൈസ്കൂൾ പഠനകാലത്തുതന്നെ ദുബൈയിൽ പുതുമയുള്ളൊരു പോപ്പ് കൾച്ചർ ശേഖരണ സ്റ്റോർ ആരംഭിച്ചിരുന്നു. പിന്നീട് തമീമിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ദുബൈ മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, മെർകാറ്റോ മാൾ, ബ്ലൂ വാട്ടർ ഐലൻഡ് എന്നിവിടങ്ങളിൽ ലിറ്റിൽ തിങ്സിന്റെ ഒന്നിലധികം റീട്ടെയിൽ ഔട്ലെറ്റുകളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ഹാർഡ് കോർ കോമിക്, ഗെയിമിംഗ്, അനിമേഷൻ, സൂപ്പർ ഹീറോ പ്രതിമകളുടെ മോഡൽ കിറ്റുകൾ, ട്രേഡിംഗ് കാർഡ് ഗെയിമുകൾ, വലിയ തലയും വലിയ കണ്ണുകളുമുള്ള പ്ലാസ്റ്റിക് രൂപമായ ഫങ്കോ പോപ്പും ചക്കി എന്ന പേടിപ്പെടുത്തുന്ന കൊലയാളി പാവയുമെല്ലാം തമീമിയുടെ ഷോപ്പിൽ ലഭ്യമാണ്. എന്തുകൊണ്ടാണ് കുട്ടികൾ ഈ വിചിത്രമായ കാര്യങ്ങളിൽ ആകൃഷ്ടരാവുന്നത് എന്ന ചിന്ത തന്നെയാണ് തന്നെ വല്ലാതെ ആകർഷിക്കുന്നതും ഈ ബിസിനസ്സിലേക്ക് എത്തിച്ചതുമെന്നാണ് തമീമി പറയുന്നത്.
2020 ലെ പോപ്പ് കൾച്ചർ ശേഖരണങ്ങളുടെ ഓൺലൈൻ വില്പനയിൽ ഉണ്ടായ കുതിച്ചു ചാട്ടം തമീമിയുടെ വളർച്ചയ്ക്ക് ഒന്നുകൂടി കെട്ടുറപ്പ് നൽകി.
” കളിപ്പാട്ട ശേഖരണവും വിപണനവും അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്താണ് ഞാൻ എത്തിച്ചേർന്നത് എന്നുള്ളതിൽ വളരെയധികം സന്തോഷമുണ്ട് ” വിജയം കൈവരിച്ചുകൊണ്ടേയിരിക്കുന്ന ഈ യുവ സംരംഭകൻ അഭിമാനത്തോടെ പറയുന്നു.