2023ൽ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്ക് ഇനി നേരിട്ട് രജിസ്റ്റർ ചെയ്യാം. നിലവിലുള്ള നറുക്കെടുപ്പ് സംവിധാനം റദ്ദാക്കിയെന്നും ആഭ്യന്തര തീർത്ഥാടകരിൽ 65 വയസ്സിന് മുകളിലുള്ളവർക്ക് രജിസ്ട്രേഷനിൽ 25% ക്വാട്ട സംവരണം നൽകുമെന്നും സൗദി അറേബ്യ അറിയിച്ചു. പരമാവധി ആളുകൾക്ക് ഹജ്ജ് തീർത്ഥാടനത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി പുതിയ രീതി ആരംഭിക്കുന്നത്.
തീർത്ഥാടകർക്ക് തങ്ങളുടെ കുടിശ്ശിക രണ്ട് ഗഡുക്കളായി അടയ്ക്കാൻ കഴിയുന്ന ഒരു പുതിയ പേയ്മെന്റ് പ്ലാനും മന്ത്രാലയം അവതരിപ്പിച്ചു. വരാനിരിക്കുന്ന ഹജ്ജ് സീസണിനായുള്ള മുൻകൂർ തയ്യാറെടുപ്പുകളുടെ ഭാഗമായി ആഭ്യന്തര തീർത്ഥാടകരുടെ രജിസ്ട്രേഷൻ സംവിധാനം ചർച്ച ചെയ്യുന്നതിനായി ആഭ്യന്തര തീർത്ഥാടകരുടെ ഏകോപന സമിതിയുമായും ബിസിനസ് സൊല്യൂഷൻസ് പ്ലാറ്റ്ഫോം പ്രതിനിധികളുമായും മന്ത്രാലയം നടത്തിയ യോഗത്തിലാണ് തീരുമാനം. രജിസ്ട്രേഷൻ ഹിജ്റി മാസമായ സഫർ (സെപ്റ്റംബർ) ഒന്നാം തീയതി ആരംഭിക്കും.