യുഎഇയിലെ പ്രധാന പത്രങ്ങളിൽ ഒന്നായ ഗൾഫ് ന്യൂസ് ഇനി വാരാന്ത്യത്തിൽ പുറത്തിറങ്ങില്ല. ശനി, ഞായർ ദിവസങ്ങളിലെ അച്ചടി നിർത്തുന്ന വിവരം ഗൾഫ് ന്യൂസ് സി.ഇ.ഒയും എഡിറ്റർ ഇൻ ചീഫുമായ അബ്ദുൾ ഹമീദ് അഹമ്മദ് പത്രത്തിലൂടെ തന്നെയാണ് പുറത്തു വിട്ടത്. ആഗോളതലത്തിൽ അച്ചടി മാധ്യമങ്ങൾ നേരിടുന്ന പ്രതിസന്ധി തന്നെ ഗൾഫ് ന്യൂസിൻ്റെ അച്ചടി ചുരുക്കുന്നതിലേക്ക് നയിച്ചതെന്ന് അബ്ദുൾ ഹമീദ് അഹമ്മദ് വ്യക്തമാക്കി.
പ്രിയ വായനക്കാരെ, ശനി, ഞായർ ദിവസങ്ങളിൽ പത്രം അച്ചടിക്കുന്നത് നാളെ മുതൽ ഞങ്ങൾ നിർത്തുകയാണ്. നിങ്ങൾക്കും ഞങ്ങൾക്കും ഇതൊരു ദുഃഖ വാർത്തയാണ്. നാല് പതിറ്റാണ്ട് നീണ്ട ഈ യാത്രയിൽ നിങ്ങൾ വായനക്കാർ ഞങ്ങൾക്ക് കരുത്തായി കൂടെയുണ്ടായിരുന്നു. എന്നാൽ അച്ചടി മാധ്യമരംഗം പൊതുവിൽ നേരിടുന്ന പ്രതിസന്ധി കാരണം ഗൾഫ് ന്യൂസ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തപ്പെടുകയായിരുന്നു.
അച്ചടി മാധ്യമങ്ങൾ പല മേഖലകളിലും വെല്ലുവിളികൾ നേരിടുന്നുണ്ടെന്നത് രഹസ്യമല്ല. കടലാസ്, മഷി, ചരക്കുനീക്കം, വിതരണം തുടങ്ങി എല്ലാത്തിനും ചെലവ് കുത്തനെ കൂടി. പരസ്യവരുമാനം വർഷങ്ങളായി കുത്തനെ താഴോട്ടാണ്. ഇതോടൊപ്പം ഗൂഗിളും ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാമും ടിക്ക്ടോക്കും പോലുള്ള ആഗോള കോർപ്പറേറ്റുകളോടും നവമാധ്യമങ്ങളോടും പോരാടി പരസ്യവരുമാനം കണ്ടെത്തേണ്ട അവസ്ഥയാണ്.
ആഴ്ചയിൽ ഏഴ് ദിവസവും അച്ചടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ പരസ്യ വരുമാനം കുറയുന്നതിനാൽ അത് സംഭവിക്കില്ല. വായനക്കാരുടെ എണ്ണം കൂടുന്നതിനാൽ കുറച്ച് വർഷങ്ങൾക്ക് മുൻപേ തന്നെ ഞങ്ങൾ ഒരു ഡിജിറ്റൽ ഫസ്റ്റ് ന്യൂസ് റൂമിന് തുടക്കമിട്ടിരുന്നു. സ്മാർട്ട്ഫോണുകളിലും ലാപ്ടോപ്പുകളിലും ടാബ്ലെറ്റുകളിലും ഞങ്ങളുടെ വായനക്കാർക്ക് പരാമവധി വാർത്തകളെത്തിക്കാൻ സാധിച്ചു. ശനി,ഞായർ ദിവസങ്ങളിൽ അച്ചടിയില്ലെങ്കിലും വാർത്തകളെല്ലാം ഞങ്ങളുടെ ന്യൂസ് പോർട്ടലിൽ ലഭ്യമായിരിക്കും – വായനക്കാർക്കായി ഇന്നത്തെ പത്രത്തിൽ എഴുതിയ തുറന്ന കത്തിൽ അബ്ദുൾ ഹമീദ് അഹമ്മദ് വ്യക്തമാക്കി.