രക്തദാനം മഹാദാനമെന്നാണ് പറയാറുള്ളത്. രക്തം ദാനം ചെയ്യുന്നത് ജീവിത ലക്ഷ്യമാക്കിയൊരു സ്ത്രീയുണ്ട് അമേരിക്കയിൽ. ജോസഫിൻ മിച്ചാലുക്ക് എന്ന 80കാരിയാണ് കൃത്യമായ ഇടവേളകളെടുത്ത് രക്തദാനം നടത്തി ഇപ്പോൾ ഗിന്നസിൽ ഇടംനേടിയിരിക്കുന്നത്.
1965ൽ 22-ാം വയസ്സിൽ തുടങ്ങിയ ശീലം ആറു പതിറ്റാണ്ടായി ജോസഫിൻ തുടരുന്നു. ജോസഫിൻ മിച്ചാലുക്ക് ഇതുവരെ മൊത്തം 203 യൂണിറ്റ് രക്തം ദാനം ചെയ്തിട്ടുണ്ട്. ഒരു യൂണിറ്റ് രക്തം ഏകദേശം 473 മില്ലി ലിറ്ററാണ്. അങ്ങനെയാണെങ്കിൽ ആകെ 96 ലിറ്റർ രക്തം ജോസഫിൻ ദാനം ചെയ്തു കഴിഞ്ഞു. എണ്ണമറ്റ ജീവനുകൾ ഈ 80കാരി രക്ഷിച്ചിണ്ട്. സഹോദരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആദ്യമായി രക്തദാനം നടത്തിയതെന്ന് ജോസഫിൻ പറയുന്നു.
യുഎസിൽ രക്തദാനത്തിന് പ്രായപരിധി ഇല്ലാത്തതുകൊണ്ടും, ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ടും 80ാം വയസിലും ജോസഫിൻ രക്തദാനം തുടരുകയാണ്. തന്നെ പോലെ കൂടുതൽ ആളുകൾ രക്തദാനത്തിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസഫിൻ വ്യക്തമാക്കി. O+ ആണ് ജോസഫിൻ്റെ ബ്ലഡ് ഗ്രൂപ്പ്. അമേരിക്കൻ റെഡ് ക്രോസിൻ്റെ കണക്കു പ്രകാരം, യുഎസ് ജനസംഖ്യയുടെ 37% പേരും O+ ബ്ലഡ് ഗ്രൂപ്പാണ്.