ഒരു അസാധാരണ ശസ്ത്രക്രിയയിലൂടെ യുക്രൈന് സൈനികന്റെ നെഞ്ചില്‍ നിന്നും വിജയകരമായി ഗ്രനേഡ് പൊട്ടാതെ പുറത്തെടുത്തു. ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്ന നിലയിൽ ഹൃദയത്തിന് താഴെയായി ഗ്രനേഡ് പേറിയാണ് സൈനികന് ആശുപത്രിയിലെത്തിയിലേക്കെത്തിയത്. യുക്രൈന് തലസ്ഥാനമായ കീവിലെ സൈനിക ആശുപത്രിയിലാണ് അപകടകരമായ ഒരു ശസ്ത്രക്രിയയ്ക്കൊടുവില്‍ സൈനികന് ജീവിതത്തിലേക്ക് മടങ്ങി വന്നത്.
ഗ്രനേഡ് പൊട്ടാനുള്ള സാധ്യത ഉണ്ടായിരുന്നതിനാല്‍ രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള ഇലക്ട്രോ കോഗുലേഷന്‍ പോലും ശസ്ത്രക്രിയയ്ക്കായി ഉപയോഗിച്ചിരുന്നില്ല. സൈനിക ആശുപത്രിയിലെ വിദഗ്ധരുടെ സൂക്ഷ്മതയും കരുതലുമുള്ള ഇടപെടലാണ് സൈനികനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
അതേസമയം മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ വരും വര്‍ഷങ്ങളിലായി ഇടംപിടിക്കുന്ന തരത്തിലുള്ള അവിശ്വസനീയമായ ശസ്ത്രക്രിയയാണിതെന്നാണ് യുക്രൈന് പ്രതിരോധമന്ത്രി ഹന്ന മാലിയാര്‍ പറഞ്ഞു. സൈനികന്റെ ശരീരത്തില്‍ നിന്ന് വി ഒ ജി ഗ്രനേഡ് വിജയകരമായി നീക്കം ചെയ്തുവെന്ന വാര്‍ത്തയും മന്ത്രി തന്നെയാണ് പുറത്തുവിട്ടത്. കൂടാതെ ആയുധം നിര്‍വീര്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.