ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച് ആരോ അകത്ത് പ്രവേശിച്ചതായി സംശയം. ഗ്രീഷ്മയുടെ അറസ്റ്റിന് ശേഷം പോലീസ് സീല്‍ ചെയ്ത തമിഴ്നാട് രാമവര്‍മന്‍ചിറയിലെ വീട്ടിലാണ് സംഭവം. സ്ഥലത്ത് തമിഴ്നാട് പോലീസും ഷാരോണ്‍ വധക്കേസ് അന്വേഷിക്കുന്ന പാറശാല പോലീസും എത്തി.
എന്താണ് സംഭവിച്ചതെന്നതിൽ പോലീസിന് വ്യക്തതയില്ല. ഇത് സംബന്ധിച്ച പ്രതികരണവും പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. തെളിവുനശിപ്പിക്കാന്‍ ബോധപൂര്‍വം നടന്ന പരിശ്രമമാണോ അതോ അടഞ്ഞുകിടന്ന വീടിനുള്ളില്‍ മോഷണ ശ്രമം ഉണ്ടായതാണോ എന്ന് പോലീസ് പരിശോധിക്കും. ഈ വീടിനു സമീപത്തുനിന്ന് നിര്‍ണായക തെളിവായ വിഷക്കുപ്പി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട് സന്ദര്‍ശിക്കും.
അതേസമയം ഷാരോണ്‍ വധക്കേസ് അന്വേഷിക്കാൻ കേരള പൊലീസിന് അധികാരമില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. സേനയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സമാന അഭിപ്രായം ഉയർത്തിയതോടെ അഡ്വക്കേറ്റ് ജനറലിനോട് (എജി) ഡിജിപി വീണ്ടും നിയമോപദേശം തേടിയിരുന്നു. കേരള പൊലീസിന് അധികാരപരിധി ഇല്ലാത്ത ഒരിടത്ത് അന്വേഷണം നടത്താൻ ക്രിമിനൽ നിയമം അനുവദിക്കുന്നില്ലെന്ന് കേരള പൊലീസ് ട്രെയിനിങ് കോളജ് മുൻ പ്രിൻസിപ്പൽ പി.സി.രാമചന്ദ്രൻ നായർ വിശദീകരിച്ചു.