മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് തന്നെ അറിയിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ രാഷ്ട്രപതിക്ക് കത്തയച്ചു. വിദേശയാത്ര പോകുമ്പോഴും തിരിച്ചെത്തുമ്പോഴും അറിയിക്കുന്ന കീഴ്വഴക്കം ലംഘിക്കപ്പെട്ടുവെന്നും ഭരണച്ചുമതലകളുടെ ക്രമീകരണവും അറിയിച്ചില്ലെന്നും കത്തിൽ ഗവർണർ പറയുന്നു. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിയുടെ ഓഫിസിനും ഗവര്‍ണര്‍ നല്‍കിയിട്ടുണ്ട്.
അതേസമയം വിസി വിഷയം നിലനിൽക്കെ എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിക്കായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളി ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനുള്ള സർക്കാർ ശുപാർശ തള്ളിക്കൊണ്ടാണ് ഗവർണറുടെ ഉത്തരവ്. നിയമനത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തിയിട്ടുണ്ട്.
അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്നും സംസ്ഥാന സമിതി യോഗം അടുത്ത രണ്ട് ദിവസങ്ങളിലും ചേരും. ഗവര്‍ണര്‍ വിഷയം മുഖ്യവിഷയമാകും. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നത് അടക്കം ചര്‍ച്ചയായേക്കും.