യു എ ഇയില്‍ സര്‍ക്കാര്‍ ജോലിക്കാരായ സ്വദേശികള്‍ക്ക് ബിസിനസ് ചെയ്യുന്നതിന് സര്‍ക്കാര്‍ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാരായ സ്വദേശികള്‍ക്ക് ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ ശമ്പളത്തോടെ അവധി നല്‍കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 2023 ജനുവരി രണ്ട് മുതലായിരിക്കും തീരുമാനം പ്രാബല്യത്തില്‍ വരുക. ഒരു വര്‍ഷം വരെ ശമ്പളത്തോടെയുള്ള അവധി നല്‍കും. ഇക്കാലയളവില്‍ പകുതി ശമ്പളം മാത്രമായിരിക്കും നല്‍കുക.
യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പഖ്യാപിച്ചത്. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം എമിറാത്തികള്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പിന്തുണയാണിതെനന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വദേശികളെ കൂടുതലായി ബിസിനസ് മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതോടെ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് രാജിവയ്ക്കേണ്ട സാഹചര്യം വരില്ലെന്നും കൂടുതല്‍ പേരെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാക്കുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം ലോകത്ത് ആദ്യമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തരമൊരു ആനുകൂല്യം നൽകുന്നത്. ജീവനക്കാരന് ജോലി ചെയ്യുന്ന ഫെഡറല്‍ അതോറിറ്റിയുടെ തലവനായിരിക്കും അവധിക്ക് അംഗീകാരം നല്‍കേണ്ട ചുമതല. ഇതിനോടൊപ്പം ശമ്പളമില്ലാത്ത അവധിയും വാര്‍ഷിക അവധിയും കൂട്ടിച്ചേര്‍ക്കുകയും ആകാം.
ദേശീയ സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്കായി വാണിജ്യ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ യുവാക്കളെ പുതിയ തീരുമാനം പ്രോത്സാഹിപ്പിക്കുമെന്ന് ദുബായി ഭരണാധികാരി പറഞ്ഞു. കൂടാതെ സ്വയം തൊഴിലിനായി സംരംഭകത്വ അവധി നേടിയ ജീവനക്കാരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും സംരംഭകത്വ മേഖലകളില്‍ അവരെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ലൈല ഉബൈദ് അല്‍ സുവൈദി വ്യക്തമാക്കി.