ഓണക്കാലത്തിന്റെ ചിലവുകൾക്കായി 3000 കോടിരൂപ കൂടി സർക്കാർ കടമെടുക്കും. നേരത്തേ 1000 കോടി കടമെടുത്തിരുന്നു. ശമ്പളവും പെൻഷനും കൂടാതെ ബോണസും ഉത്സവബത്തയും ക്ഷേമ പെൻഷനും കൂടി നൽകാനാണിത്.
കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള പരിധിയിൽ നിന്നുകൊണ്ട് റിസർവ് ബാങ്ക് പുറപ്പെടുവിച്ച കടപ്പത്രങ്ങളിലൂടെയാണ് സർക്കാർ തുക കടമെടുക്കുന്നത്. 12 വർഷത്തേക്ക് 2000 കോടിയും 20 വർഷത്തേക്ക് 1000 കോടിയും കടമെടുക്കാനാണ് കേരളം അപേക്ഷിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച കടപ്പത്രങ്ങളുടെ ലേലം ഈ മാസം 29-ന് നടക്കും.
ചൊവ്വാഴ്ച ആയിരം കോടി രൂപയെടുത്തത് 7.76 പലിശയ്ക്കാണ്. ഡിസംബർവരെ 17,936 കോടിരൂപയാണ് കേരളത്തിന് കടമെടുക്കാനാവുക. ഇതിനോടകം തന്നെ 5000 കോടി രൂപയോളം കടമെടുത്തിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞവർഷം നൽകിയത് പോലെ തന്നെ ഇത്തവണയും ബോണസ് നാലായിരം രൂപയും ഉത്സവബത്ത 2750 രൂപയും നൽകും. 15,000 രൂപ തിരിച്ചടയ്ക്കേണ്ട ഉത്സവവായ്പയും നൽകുന്നുണ്ട്.
3200 രൂപവീതം 57 ലക്ഷം കുടുംബങ്ങൾക്ക് രണ്ടുമാസത്തെ പെൻഷനായി ലഭിക്കും. ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച തുടങ്ങി സെപ്റ്റംബർ അഞ്ചിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് നിർദേശം. വിതരണം ചെയ്യാത്ത തുക സെപ്റ്റംബർ 17 നകം തിരിച്ചടക്കുകയും വേണം.