ദില്ലി: കേന്ദ്രബജറ്റിൽ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ബജറ്റിൽ സ്വർണത്തിൻ്റെ അടിസ്ഥാന തീരുവ പത്ത് ശതമാനത്തിൽ നിന്നും ആറ് ശതമാനമായി കുറച്ചിരുന്നു. ഈ പ്രഖ്യാപനമാണ് മണിക്കൂറുകൾക്കുള്ളിൽ സ്വർണവിലയിൽ കുറവിന് കാരണമായത്. ബജറ്റ് പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളിൽ സ്വർണവിലയിൽ രണ്ടായിരം രൂപയുടെ ഇടിവുണ്ടായി.
കഴിഞ്ഞ ബുധനാഴ്ച 55,000 രൂപ വിലയിലായിരുന്നു സ്വർണവ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭമെടുത്തതോടെ വില കുറഞ്ഞു. എന്നാൽ ഇന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ സ്വർണത്തിൻ്റെ കസ്റ്റംസ് തീരുവ കുറച്ചതായി പ്രഖ്യാപിച്ചതോടെ വില വീണ്ടും കുത്തനെ ഇടിയുകയായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 51960 രൂപയാണ് ഇന്നത്തെ വില.
സ്വർണത്തിൻ്റെ ഇറക്കുമതി നികുതി കുറയ്ക്കുക എന്നത് സ്വർണവ്യാപാരികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. കള്ളക്കടത്തുകാർ ഒരു കിലോ സ്വർണം കടത്തിയാൽ ഒൻപത് ലക്ഷം ലാഭിക്കുന്നുവെന്നാണ് കണക്ക്. കള്ളക്കടത്ത് തടയാൻ ഏകമാർഗ്ഗം നികുതി തീരുവ കുറയ്ക്കുകയാണെന്നാണ് വ്യാപാരികളുടെ അഭിപ്രായം.