ഇതിഹാസ നടൻ രാജ് കപൂറിൻ്റെ മറ്റൊരു ചരിത്ര സ്വത്ത് കൂടി ഗോദ്റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് സ്വന്തമാക്കി. മുംബൈയിലുള്ള രാജ് കുമാറിൻ്റെ ബംഗ്ലാവ് വാങ്ങിയതായി കമ്പനി അറിയിച്ചു. മുംബൈയിലെ ചെമ്പൂരിലുള്ള ഡിയോനാർ ഫാം റോഡിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിനോട് ചേർന്നാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. കപൂർ കുടുംബത്തിൽ നിന്നാണ് ബംഗ്ലാവ് വാങ്ങിയതെന്ന് കമ്പനി അറിയിച്ചു. ഇവിടെ ഒരു ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്റ്റ് വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. എന്നാൽ ഇടപാടിൻ്റെ മൂല്യം എത്രയാണെന്ന് കമ്പനി പുറത്ത് വീട്ടിട്ടില്ല.
ഐതിഹാസികമായ പ്രോജക്റ്റ് ഗോദ്റെജിൻ്റെ പോർട്ട്ഫോളിയോയിലേക്ക് ചേർക്കുന്നതിൽ സന്തോഷമുണ്ട്. ഈ അവസരത്തിൽ ഗോദ്റെജിനെ വിശ്വസിച്ചതിന് കപൂർ കുടുംബത്തിന് നന്ദി. ഈ പദ്ധതിയിലൂടെ ചെമ്പൂരിലുള്ള സാന്നിധ്യം ശക്തമാക്കാൻ സാധിക്കും. താമസക്കാർക്ക് ദീർഘകാല മൂല്യം സൃഷ്ടിക്കാൻ കഴിയുന്ന ഒരു മികച്ച റെസിഡൻഷ്യൽ കമ്മ്യൂണിറ്റി നിർമ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഗോദ്റെജ് പ്രോപ്പർട്ടീസ് എംഡിയും സിഇഒയുമായ ഗൗരവ് പാണ്ഡെ പറഞ്ഞു.
2019-ൽ രാജ് കപൂറിൻ്റെ 70 വർഷം പഴക്കമുള്ള ആർകെ സ്റ്റുഡിയോയും ഗോദ്റെജ് പ്രോപ്പർട്ടീസ് വാങ്ങിയിരുന്നു. രൺധീർ കപൂർ, ഋഷി കപൂർ, രാജീവ് കപൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു 2.2 ഏക്കറിലുള്ള ആർ.കെ സ്റ്റുഡിയോ. 1948ലാണ് രാജ് കപൂർ ആർകെ സ്റ്റുഡിയോ സ്ഥാപിച്ചത്. ഇവിടെ നടന്ന ഗണേഷ് ഉത്സവ്, ഹോളി പാർട്ടി തുടങ്ങിയ പരിപാടികൾ ബോളിവുഡിൽ ഏറെ പ്രശസ്തമായിരുന്നു. എന്നാൽ 2017ൽ സ്റ്റുഡിയോയിൽ തീപിടിത്തമുണ്ടാവുകയും ഇതിൻ്റെ വലിയൊരു ഭാഗം കത്തിനശിക്കുകയും ചെയ്തു.