ഒമാനിൽ ദേശീയ ദിനത്തോടാനുബന്ധിച്ച് യാത്രക്കാർ കൊണ്ടുപോകുന്ന ലഗേജുകളുടെ തൂക്കം ഗോ ഫസ്റ്റ് എയർലൈൻ വർധിപ്പിച്ചു. കണ്ണൂർ സെക്ടറിലേക്ക് 30 കിലോ മാത്രമേ കൊണ്ടുപോവാൻ സാധിക്കുമായിരുന്നുള്ളു. എന്നാൽ ഇനി മുതൽ 40 കിലോ വരെ കൊണ്ടുപോവാനുള്ള അനുമതിയുണ്ട്. ഹാൻഡ് ബാഗേജുകൾക്ക് ഏഴ് കിലോയാണ് അനുവദിച്ചിട്ടുള്ള തൂക്കം. ഇതിന് പുറമെയാണ് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചത്.
നിലവിൽ കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ഗോ ഫസ്റ്റ് എയർലൈൻ നേരിട്ട് സർവീസ് നടത്തുന്നുണ്ട്. അതേസമയം നവംബർ മുതൽ ഡിസംബർ 15 വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ക്രിസ്മസ്, ന്യൂ ഇയർ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വൻ വർധനവാണ് വിമാനകമ്പനികൾ ഈടാക്കുന്നത്. ഡിസംബറിൽ 90 ശതമാനം വരെ ടിക്കറ്റ് നിരക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.