ലോകത്ത് ചെറുപ്പക്കാരിൽ ക്യാൻസർ വർധിക്കുന്നതായി പഠന റിപ്പോർട്ട്. നേച്ചർ റിവ്യൂസ് ക്ലിനിക്കൽ ഓങ്കോളജി, പ്രതിമാസ പിയർ റിവ്യൂഡ് അക്കാദമിക് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം 50 വയസിൽ താഴെയുള്ളവരിലാണ് ക്യാൻസർ ഗണ്യമായി കൂടുന്നതെന്ന് വ്യക്തമാക്കുന്നു. പ്രധാനമായും മോശം ജീവിതശൈലി, ഭക്ഷണക്രമം, പൊണ്ണത്തടി എന്നിവയാണ് രോഗത്തിലേക്ക് നയിക്കുന്നതെന്നാണ് ആഗോള ഓങ്കോളജിയുടെ വിലയിരുത്തൽ.
50 വയസോ അതിൽ താഴെയോ പ്രായമുള്ളവരിൽ സ്തന, വൻകുടൽ, അന്നനാളം, വൃക്ക, കരൾ, പാൻക്രിയാസ് എന്നിവയിലെ അർബുദം ഉൾപ്പെടെ പല തരത്തിലുള്ള ക്യാൻസറുകളിലും ഗണ്യമായ വർദ്ധനവ് കാണിക്കുന്നുണ്ട്. കൂടാതെ 1990-കൾ മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലും 50 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസറുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലെ ബോസ്റ്റണിലെ ഹാർവാർഡ് ടി എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നിന്നുള്ള ശാസ്ത്രജ്ഞർ നിരവധി പതിറ്റാണ്ടുകളായി നേരത്തെയുള്ള ക്യാൻസറുകളുടെ വിവരങ്ങൾ കൂടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.
ഭക്ഷണക്രമം, ജീവിതശൈലി, പൊണ്ണത്തടി നിരക്ക്, പരിസ്ഥിതി, മൈക്രോബയോം എന്നിവയിലെ മാറ്റങ്ങൾ കാരണം സഹായകരവും ദോഷകരവുമായ സൂക്ഷ്മാണുക്കൾ നമ്മുടെ ജീനുകളുമായി ഇടപഴകാൻ സാധ്യതയുണ്ട്, ഇത് ചെറുപ്പക്കാരിൽ ക്യാൻസറിന്റെ ഉയർന്ന നിരക്കിന് കാരണമാകുമെന്ന് പറയപ്പെടുന്നു. ഇന്ന് യുവതലമുറ പല വിട്ടുമാറാത്ത രോഗങ്ങൾക്കും അടിമപ്പെടുന്നത് ആശങ്കാജനകമാണെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെയും ബ്രിഗാം വിമൻസ് ഹോസ്പിറ്റലിലെയും എപ്പിഡെമിയോളജിസ്റ്റ് ഡോ ഷുജി ഒജിനോ പറഞ്ഞു.
പ്രായത്തിനനുസരിച്ച് ക്യാൻസർ സാധ്യത വ്യത്യാസപ്പെടുന്നുണ്ട്. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, 25 വയസ്സിന് താഴെയുള്ള ആളുകൾക്ക് ലിംഫോമ (ലിംഫറ്റിക് സിസ്റ്റത്തിന്റെ ക്യാൻസർ) വരാനുള്ള സാധ്യത കൂടുതലാണ്. അതേസമയം 30 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് മെലനോമ (ഏറ്റവും ഗുരുതരമായ തരം ത്വക്ക് അർബുദം) വരാനുള്ള സാധ്യതയും കൂടുതലാണ്. സ്തനാർബുദം, സെർവിക്കൽ, വൻകുടൽ കാൻസർ രോഗനിർണ്ണയങ്ങൾ 25-ന് ശേഷം കൂടുതൽ സാധാരണമാണ്.
യുഎഇയിൽ 2017-ലെ ക്യാൻസർ രോഗനിർണയങ്ങളിൽ 45 ശതമാനവും 20 നും 49 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. രണ്ട് വർഷം മുമ്പ് ഇത് 42.3 ശതമാനമായിരുന്നു. ഏറ്റവും സാധാരണമായ അർബുദങ്ങൾക്കായി നേരത്തെ സ്ക്രീൻ ചെയ്യുന്നത് വേഗത്തിലുള്ള രോഗനിർണയം സാധ്യമാക്കുമെന്ന് അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ഓങ്കോളജി ഡയറക്ടർ ഡോ. ഹുമൈദ് അൽ ഷംസി നിർദ്ദേശിച്ചു. നേരത്തെ ഉയർന്ന സംഖ്യ കണ്ടിട്ടില്ലാത്തതിനാൽ തന്നെ ഇത് സ്ക്രീനിംഗിന്റെയും മെഡിക്കൽ അവസ്ഥയുടെയും ഫലമാണോ എന്ന് മനസിലാക്കിവരുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.