ജോര്‍ജിയ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും. മുസോളിനിക്ക് ശേഷം തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിലേക്കെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രണ്ടാംലോകയുദ്ധത്തിനുശേഷം തീവ്രവലതുപക്ഷപാര്‍ട്ടി ഇറ്റലിയില്‍ അധികാരത്തിലെത്തുന്നത് ഇതാദ്യമാണ്.
ഇറ്റാലിയന്‍ ജനത ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യത്തിന് ശക്തമായ പിന്തുണയാണ് നല്‍കിയതെന്ന് ജോര്‍ജിയ മെലോണി പ്രതികരിച്ചു. എല്ലാ ഇറ്റാലിയന്മാര്ക്കും വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും, ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കില്ലെന്നും മെലോണി പറഞ്ഞു. ഈ രാജ്യം ഭരിക്കാൻ ഞങ്ങളെ ഏൽപ്പിച്ച എല്ലാ ഇറ്റലിക്കാർക്കും വേണ്ടി ഞങ്ങൾ പ്രയത്നിക്കും. ജനങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ അധികാരത്തിലേറുന്നതെന്ന് പാർട്ടിയുടെ മറ്റൊരു നേതാവ് വിജയാഘോഷ പരിപാടിക്കിടെ പറഞ്ഞു.
ഏകദേശം മൂന്നിൽ രണ്ട് പോളിംഗ് സ്റ്റേഷനുകളിൽ നിന്നുമുള്ള വോട്ടെണ്ണൽ പൂർത്തിയായതോടെ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. ഇന്ന് അന്തിമഫലം വരുമ്പോള്‍ നാനൂറംഗ പാര്‍ലമെന്റില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപ്പോർട്ടുകൾ. ജോര്‍ജിയ അധികാരത്തിലേറുന്നതോടെ യൂറോപ്പിലെ 45 രാജ്യങ്ങളില്‍ പതിനഞ്ചിന്റെയും തലപ്പത്ത് വനിതകളാവും.
മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണിയും ഉപപ്രധാനമന്ത്രിയും ഇറ്റലിയുടെ ട്രംപ് എന്ന് അറിയപ്പെട്ടിരുന്ന മത്തിയോ സല്‍വീനിയുടെയും പാര്‍ട്ടികള്‍ ഉള്‍പ്പെട്ടതാണ് ഭരണത്തിലെത്തുന്ന സഖ്യം.