റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് വെള്ളിയാഴ്ച പെരുന്നാളായി പ്രഖ്യാപിച്ചത് അതേസമയം ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ചയാവും ഈദുൽ ഫിത്വർ എന്ന് ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
മാസപ്പിറവി നിരീക്ഷിക്കണമെന്ന വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായത്തോടെയാണ് വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് തീരുമാനിച്ചത്. ജിസിസിയിൽ എല്ലാ രാജ്യങ്ങളും 29 നോമ്പുകളുമായി ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ മുപ്പത് നോമ്പും തികച്ചാവും ഒമാനിൽ പെരുന്നാൾ എത്തുക. ജിസിസിയിലും കേരളത്തിലും ഒരേ ദിവസമാണ് റമദാൻ വ്രതാരംഭം തുടങ്ങിയത്. അഞ്ച് വെള്ളിയാഴ്ചകൾ വന്ന റമദാൻ മാസമെന്ന പ്രത്യേകതയും ഇക്കുറിയുണ്ടായി.