ഹയ്യ കാർഡ് ഇല്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ ലോകകപ്പ് ഫുട്ബോൾ മത്സരം സ്റ്റേഡിയങ്ങളിലിരുന്ന് കാണണമെങ്കിൽ ടിക്കറ്റും ഹയ്യ കാർഡും നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
അതേസമയം ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ആവശ്യമില്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രവാസികൾക്കും ഈ ഇളവുകൾ ബാധകമാണ്. ഇതോടെ ഖത്തറിലേക്ക് കൂടുതല് ആരാധകരെത്തുമെന്നാണ് ലോകകപ്പ് സംഘാടകാരുടെ പ്രതീക്ഷ. ജിസിസി രാജ്യങ്ങളിൽ നിന്ന് കൂടുതൽ സന്ദർശകർ വരാനും കളിയുടെ ആവേശം ആസ്വദിക്കാനും അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.
വിമാനത്താവളങ്ങൾ വഴിയും സ്വകാര്യ വാഹനങ്ങൾ വഴിയും ഇവർക്ക് നേരിട്ട് ഖത്തറിലേക്ക് പ്രവേശിക്കാം. കൂടാതെ ലാൻഡ് പോർട്ട് വഴി എല്ലാ യാത്രക്കാർക്കും ബസുകൾ മുഖേനയുള്ള ഗതാഗതവും ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. സാധാരണ സാഹചര്യങ്ങളിലെന്നപോലെ സന്ദർശകർക്ക് ഫീസ് കൂടാതെ പാർക്കിംഗ് സ്ഥലങ്ങൾ അനുവദിക്കുകയും ചെയ്യും.
വിമാനം:
ഹയ്യ കാർഡ് കൈവശമില്ലാതെ തന്നെ യാത്രക്കാർക്ക് വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാം. മത്സര ടിക്കറ്റ് ഇല്ലാത്തവർ ഹയ്യ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യവുമില്ല. 2022 ഡിസംബർ 6 മുതൽ (ഇന്ന്) വിനോദസഞ്ചാരികൾക്ക് നേരത്തെയുണ്ടായിരുന്ന ട്രാവൽ പ്രോട്ടോക്കോൾ ഉപയോഗിച്ച് പരിധിയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാനും അനുമതി നൽകി.
ബസ്:
ബ് മുഖേന രാജ്യത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഹയ്യ കാർഡ് ഇല്ലാതെ തന്നെ പ്രവേശനാനുമതി ലഭിക്കും. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. ബസുകൾക്ക് സൗജന്യ പാർക്കിങ് സ്ഥലവും അനുവദിക്കും.
സ്വകാര്യ വാഹനം:
2022 ഡിസംബർ 12 മുതൽ സ്വകാര്യ വാഹനം ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് അനുമതി നൽകും. എന്നാൽ പ്രവേശന തീയതിക്ക് 12 മണിക്കൂർ മുൻപേ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്ട്രേഷന് ഫീസ് ഈടാക്കില്ല.