സിപിഐഎമ്മിനെതിരെ വെളിപ്പെടുത്തലുമായി വീണ്ടും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ അയച്ചുവെന്നാണ് ശക്തിധരന് ഫേസ്ബുക്കിലൂടെ പറഞ്ഞത്.
കെ സുധാകരനെ വധിക്കാന്‍ വാടകകൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതാണെന്നും ശക്തിധരന് ഫേസ്ബുക്കില്‍ കുറിച്ചു.
‘എനിക്ക് ആരാണ് കെ.സുധാകരന്? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും.അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാനയച്ചവരില്‍ ഒരു അഞ്ചാംപത്തി! അതല്ലേ സത്യം?,’ ശക്തിധരന് പറഞ്ഞു.
കെ സുധാകരനെ എങ്ങിനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യുണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് അയാള്‍ എന്ന ചിന്ത കമ്മ്യുണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയമെന്നും ശക്തിധരന് പറഞ്ഞു.
കേരള ചരിത്രത്തില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതിയെയാണ് താന്‍ അപ്പോള്‍ പിന്തുണയ്ക്കുന്നതെന്ന യാഥാര്‍ഥ്യം തനിക്ക് സ്വയം വിമര്‍ശനപരമായി പരിശോധിച്ച് തീരുമാനം എടുക്കാന്‍ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും ഒരു മഞ്ഞക്കണ്ണട തനിക്ക് ഉണ്ടെന്നു തന്നെയാണ് കരുതുന്നത്. അതാണ് കമ്മ്യുണിസ്റ്റ് പ്രചാരണ തന്ത്രത്തിന്റെ മാസ്മരികസ്വാധീനമെന്നും ശക്തിധരന് പറഞ്ഞു.
നേരത്തെയും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി ശക്തിധരന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെ വലിയ സൈബര്‍ അറ്റാക്ക് ആണ് തനിക്കെതിരെ വരുന്നതെന്നും ശക്തിധരന് പറഞ്ഞിരുന്നു.
സിപിഐഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ദേശാഭിമാനി ഓഫീസില്‍ രണ്ട് ദിവസം ചെലവിട്ട് സമ്പന്നരില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അതില്‍ രണ്ട് കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് താന്‍ സാക്ഷി ആണെന്നുമായിരുന്നു ശക്തിധരന് ആരോപിച്ചത്. ആ പണം കൈതോലപ്പായയില്‍ പൊതിഞ്ഞ് ഇന്നോവയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നുമായിരുന്നു ശക്തിധരന് ആരോപിച്ചത്. ആ കാറില്‍ ഇപ്പോഴത്തെ ഒരു മന്ത്രിയും ഉണ്ടായിരുന്നെന്നും ശക്തിധരന് ആരോപിച്ചു.