ഭീകരാക്രമണത്തിനെതിരെ പോരാടുന്നതിന് ഗസയെ അടിച്ചു നിരപ്പാക്കുകയല്ല വേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. എല്ലാ ജീവനും വിലപ്പെട്ടതാണെന്നും ഇസ്രയേല്‍ ഉടന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും മക്രോണ്‍ പറഞ്ഞു.
‘ഗസയെ ഇടിച്ചു നിരപ്പാക്കിയോ ജനങ്ങളെ കൊലപ്പെടുത്തിയോ ഭീകരവാദത്തെ തുരത്താന്‍ കഴിയില്ല. ഇസ്രയേല്‍ ആക്രമണം നിര്‍ത്തണം.കാരണം എല്ലാ ജീവനുകളും വിലപ്പെട്ടതാണ്,’ മക്രോണ്‍ പറഞ്ഞു.
മാനുഷികപരമായ ഒരു വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും മാക്രോണ്‍ പ്രതികരിച്ചു.
ബുധനാഴ്ച ഫ്രഞ്ച് മാധ്യമമായ ഫ്രാന്‍സ്-5നോട് പ്രതികരിക്കുകയായിരുന്നു മക്രോണ്‍. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെക്കുറിച്ചാണ് മാധ്യമം മാക്രോണിനോട് അഭിപ്രായം തേടിയത്. എന്നാല്‍ ജനങ്ങളുടെ സംരക്ഷണമാണ് തങ്ങളുടെ പ്രാഥമിക പരിഗണനയെന്നാണ് മാക്രോണ്‍ പ്രതികരിച്ചത്.