ഖത്തർ ലോകകപ്പിൽ നിലവിലെ ജേതാക്കളായ ഫ്രാൻസിന് വിജയ തുടക്കം. ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയയ്ക്കെതിരെ 4-1ന്റെ വിജയമാണ് ഫ്രാൻസ് നേടിയത്. തുടക്കത്തിൽ ഗോൾ വഴങ്ങിയശേഷം നാല് ഗോൾ മടക്കിയാണ് ഫ്രാൻസിന്റെ കുതിപ്പ്.
ഫ്രാൻസിനുവേണ്ടി ഒളിവിയർ ജിറൌഡ് രണ്ടു ഗോൾ നേടിയപ്പോൾ അഡ്രിയൻ റാബിയറ്റ്, കീലിയൻ എംബാപ്പെ എന്നിവർ ഓരോ തവണയും ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയ്ക്കുവേണ്ടി ക്രെയിഗ് ഗുഡ്വിനാണ് ഗോൾ നേടിയത്. ഈ ജയത്തോടെ 3 പോയിന്റുമായി ഫ്രാൻസ് ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തി.
ഗ്രൂപ്പ് സി മത്സരത്തിൽ പോളണ്ടും മെക്സിക്കോയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നത് മെക്സിക്കോയ്ക്ക് ആയിരുന്നു. നിരവധി അവസരങ്ങൾ ഇരു ടീമുകളും കളഞ്ഞുകുളിച്ചു. 58-ാം മിനിട്ടിൽ പോളണ്ടിന്റെ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കി പെനാൽറ്റി കിക്ക് നഷ്ടപ്പെടുത്തിയതും മത്സരഫം നിർണയിച്ചു.
ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ സൌദി അറേബ്യ 2-1ന് അർജന്റീനയെ അട്ടിമറിച്ചിരുന്നു. സൌദി മൂന്ന് പോയിന്റുമായി ഒന്നാമതാണ്. ഓരോ പോയിന്റ് നേടിയ പോളണ്ടും മെക്സിക്കോയും രണ്ടും മൂന്നും സ്ഥാനങ്ങളിലും അർജന്റീന അവസാന സ്ഥാനത്തുമാണ്.