മസ്കത്ത്: മസ്കത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അഗ്നിബാധയിൽ അഞ്ച് പേർ മരണപ്പെട്ടു. മസ്കത്തിൽ നിന്നും സലാലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇന്ത്യക്കാരായ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സലാലയിലെ ഹൈമ – തുംറൈത്ത് റോഡിൽ തുംറൈത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ മക്ഷൻ എന്ന പ്രദേശത്ത് വച്ച് ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്.
വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും ഒരു കാറിന് തീപിടിക്കുകയുമായിരുന്നുവെന്നാണ് വിവരം. ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. വാഹനത്തിലുണ്ടായിരുന്നവരെല്ലാം പൊള്ളലേറ്റ് മരണപ്പെട്ടു. മുംബൈയിൽ നിന്നുള്ളവരാണ് ഈ കുടുംബം എന്നാണ് ലഭ്യമായ വിവരം. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹങ്ങളിലൊന്ന് ഒരു സ്ത്രീയുടേതാണ്. അപകടസ്ഥലത്ത് നിന്നും മൃതദേഹങ്ങൾ തുംറൈത്ത് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണപ്പെട്ടവരെ തിരിച്ചറിഞ്ഞ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് സലാല പൊലീസിൻ്റെ നീക്കം.