അമേരിക്കയിലെ ന്യൂയോർക്കിൽ സതേൺ ഡിസ്ട്രിക്റ്റിന്റെ ജില്ലാ ജഡ്ജിയായി ഇന്ത്യൻ-അമേരിക്കനായ അരുൺ സുബ്രഹ്മണ്യൻ. അമേരിക്കൻ സെനറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 59 ൽ 37 വോട്ടുകൾ നേടിയ സുബ്രഹ്മണ്യന്റെ നാമനിർദ്ദേശം സെനറ്റ് അംഗീകരിക്കുകയായിരുന്നു. ഇതോടെ ജില്ലാ ജഡ്ജി ബെഞ്ചിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ ജഡ്ജി കൂടിയാണ് അരുൺ സുബ്രഹ്മണ്യൻ.
1970കളുടെ തുടക്കത്തിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. 1979ൽ പെൻസൽവേനിയയിലെ പിറ്റ്സ്ബർഗിലാണ് അരുണിന്റെ ജനനം. അരുൺ സുബ്രഹ്മണ്യത്തിന്റെ പിതാവ് നിരവധി കമ്പനികളിൽ കൺട്രോൾ സിസ്റ്റം എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2001-ൽ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് അരുൺ കമ്പ്യൂട്ടർ സയൻസിലും ഇംഗ്ലീഷിലും ബിരുദം നേടിയത്. മൂന്ന് വർഷത്തിന് ശേഷം കൊളംബിയയിലെ ലോ സ്കൂളിൽ നിന്ന് ജെയിംസ് കെന്റ് & ഹാർലൻ ഫിസ്കെ സ്റ്റോൺ സ്കോളറായി അദ്ദേഹം നിയമ ബിരുദം നേടി. കൊളംബിയ ലോ റിവ്യൂവിന്റെ എക്സിക്യൂട്ടീവ് ആർട്ടിക്കിൾ എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
2022 സെപ്റ്റംബറിൽ യുഎസ് പ്രസിഡന്റ ജോ ബൈഡൻ ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലേക്കുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് സുബ്രഹ്മണ്യനെ നാമനിർദ്ദേശം ചെയ്തിരുന്നു. അതേസമയം കഴിഞ്ഞ ദിവസം മസാച്യുസെറ്റ്സ് സംസ്ഥാനത്തിലെ ജില്ലാ കോടതിയില്‍ ഇന്ത്യൻ വംശജയായ ആദ്യ ജഡ്ജിയായി തേജൽ മേത്ത സത്യപ്രതിജ്ഞ ചെയ്തിരുന്നു.