തിയറ്ററിനകത്തെ ഫിലിം റിവ്യൂകൾക്ക് തിയറ്റർ സംഘടനായായ ഫിയോക് വിലക്കേർപ്പെടുത്തി. ഇന്ന് ചേർന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം ഒടിടി റിലീസിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം തികയും മുൻപ് ചിത്രത്തിന്റെ ഒടിടി റിലീസ് അനുവദിക്കില്ലെന്നും ഫിയോക് അറിയിച്ചു. എന്നാൽ മാർച്ച് 31 നുള്ളിൽ ഒടിടി പ്ലാറ്റ്ഫോമുകളുമായി കരാർ ഒപ്പിട്ടവർക്ക് ഇളവുകൾ അനുവദിക്കും. ആ സിനിമകൾ 30 ദിവസത്തിനു ശേഷമായിരിക്കും ഒടിടിക്ക് നൽകുക എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ കൂട്ടിച്ചേർത്തു.
തിയറ്ററിനകത്ത് വച്ച് ഓൺലൈൻ ഫിലിം റിവ്യു ചെയ്യുന്നത് ഇതോടുകൂടി നിരോധിക്കുകയാണ്. തെറ്റായ നിരൂപണങ്ങളാണ് ഓൺൈലൻ മീഡിയകൾ സിനിമയ്ക്കു നൽകുന്നത്. കൂടാതെ ചിലരെ മാത്രം ലക്ഷ്യം വച്ചുകൊണ്ടും റിവ്യൂസ് ചെയ്യുന്നവരുണ്ട്. അതു സിനിമയുടെ കളക്ഷനെ മോശമായാണ് ബാധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള സമ്മർദമുണ്ടായിരുന്നു. അതേസമയം തിയറ്റർ കോംപൗണ്ടിന് പുറത്തുനിന്ന് എന്തുവേണമെങ്കിലും ചെയ്യാമെന്ന് ഫിയോക് വ്യക്തമാക്കി.
പുതിയ തീരുമാനം സംബന്ധിച്ച അറിയിപ്പ് എല്ലാ തിയറ്ററിലേക്കും അയച്ചിട്ടുണ്ട്. റിവ്യൂ ചെയ്യാനായി തിയറ്ററിനകത്തേക്ക് വരുന്ന ഒരു മീഡിയയെയും കയറ്റി വിടില്ല. എന്നാൽ യൂട്യൂബ് റിവ്യൂവേഴ്സിനെ വിലക്കാൻ ഞങ്ങൾക്കാകില്ല. അതുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്താനാണ് തീരുമാനമെന്നും വിജയകുമാർ അറിയിച്ചു. സിനിമകളുടെ വാണിജ്യ മൂല്യം ഇല്ലാതാക്കുന്ന തരത്തിലുള്ള ഇത്തരം ചർച്ചകൾക്ക് തമിഴ്നാട് സർക്കാർ മുൻപ് വിലക്കേർപ്പെടുത്തിരുന്നു.