സാമ്പത്തിക പ്രതിസസന്ധി നേരിടുന്നതിനാൽ ഇന്റൽ ജീവനക്കാരുടെ ശമ്പളം കുറച്ചു. മാനേജ്മെന്റ് തലത്തിലുള്ള ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതോടെ കമ്പനി സി ഇ ഒ പാറ്റ് ഗ്ലെൻസിങ്ങറിന്റെ ശമ്പളം 25 ശതമാനമായി കുറയുമെന്നാണ് സൂചന. കൂടാതെ അദ്ദേഹത്തിന്റെ ലീഡർഷിപ്പ് ടീമിലുള്ള ജീവനക്കാരുടെ ശമ്പളം 15 ശതമാനമായി കുറയ്ക്കാനും സാധ്യതയുണ്ട് ണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം സീനിയർ മാനേജർമാരുടെ ശമ്പളം 10 ശതമാനവും മിഡ് ലെവൽ മാനേജർമാരുടെ ശമ്പളം അഞ്ച് ശതമാനവുമായി കുറയും. എന്നാൽ മണിക്കൂറടിസ്ഥാനത്തിലെ ജോലിക്കാരെയും ഏഴാം വിഭാഗത്തിൽ വരുന്ന ജീവനക്കാരേയും ഈ നടപടി ബാധിക്കില്ല. മാക്രോ ഇക്കണോമിക് സാഹചര്യങ്ങളാണ് ശമ്പളം വെട്ടികുറക്കുന്നതിലേക്ക് കമ്പനിയെ നയിച്ചതെന്നും ഇന്റൽ കൂട്ടിച്ചേർത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആമസോൺ, ഗൂഗ്ൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ നിരവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ ശമ്പളം വെട്ടികുറയ്ക്കുന്നതിലൂടെ കൂടുതൽ നിക്ഷേപത്തിനുള്ള പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടപടിയെന്ന് കമ്പനി പ്രതികരിച്ചു.