2023 ലെ കേരള സംസ്ഥാന ബജറ്റിൽ പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ധനമന്ത്രി. പ്രവാസികളുടെ വിമാനയാത്രാക്കൂലി നിയന്ത്രിക്കാന്‍ ഇടപെടല്‍ നടത്തുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കിയത്. ഇതിനായി നോര്‍ക്കയുടെ പ്രത്യേക പോര്‍ട്ടലിലൂടെ രജിസ്ട്രേഷന് നടപടികൾ നടത്തും.
കൂടാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ എടുക്കാന്‍ 15 കോടിയുടെ കോര്‍പ്പസ് ഫണ്ടെടുക്കുമെന്നും ജില്ലകള്‍ തോറും എയര്‍ സ്ട്രിപ്പുകള്‍ ഏര്‍പ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നു. വിദേശത്തേക്കും തിരിച്ചുമുള്ള യാതകൾക്കായി കേരളത്തിലെ പ്രവാസികള്‍ക്ക് നല്‍കേണ്ടി വരുന്നത് ഉയര്‍ന്ന വിമാനയാത്രാ നിരക്കാണ്.
ഇവ നിയന്ത്രിക്കുന്നതിനായി ആഭ്യന്തര വിദേശ എയര്‍ലൈന്‍ ഓപറേറ്റര്‍മാരും ട്രാവല്‍ ഓപ്പറേറ്റര്‍മാരും പ്രവാസി അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചാര്‍ട്ടേഡ് ഫ്ളൈറ്റുകളുടെ നിരക്ക് യുക്തിസഹജമാക്കാനാണ് ലക്ഷ്യമിടുന്നത്. കോര്‍പസ് ഫണ്ട് രൂപീകരിക്കുന്നത് ഇതിലൂടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന് ഉപകരിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.