ഫിഫ ഖത്തർ ലോകകപ്പ് തുടങ്ങാൻ ഇനി 100 ദിനങ്ങൾ മാത്രം. കൗണ്ട് ഡൗൺ തുടങ്ങിയതോടെ ആരാധകരും ആവേശത്തിലാണ്. നവംബർ 20നാണ് ലോകകപ്പ് ഉദ്ഘാടന ചടങ്ങ് നടക്കുക. നവംബർ 21 ന് മത്സരങ്ങൾ തുടങ്ങുമെന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ഒരു ദിവസം മുമ്പേ തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം ഫിഫ പ്രഖ്യാപിക്കുകയായിരുന്നു. ഖത്തർ – ഇക്വഡോർ മത്സരമാണ് ഉദ്ഘാടന ദിവസം നടക്കുക.
നവംബർ 21 ന് ഖത്തർ സമയം രാത്രി ഏഴു മണിക്കായിരുന്നു ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ അതിന് മുൻപേ ഉച്ചയ്ക്ക് സെനഗലും നെതർലൻഡും തമ്മിലുള്ള മത്സരവും വൈകുന്നേരം ഇറാനും ഇഗ്ലണ്ടും തമ്മിലുള്ള മത്സരം നടക്കുന്നുണ്ട്. ഇത് ഉദ്ഘാടനതിന്റെ പ്രാധാന്യം കുറയ്ക്കുമെന്ന് കണ്ടാണ് മാറ്റമേർപ്പെടുത്തിയതെന്ന് ഫിഫ അധികൃതർ അറിയിച്ചു. ഖത്തറും ഇക്വഡോറും തീരുമാനത്തിൽ യോജിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഉദ്ഘാടന മത്സരത്തിന്റെ സമയമാറ്റം മറ്റ് മത്സരങ്ങളെ ബാധിക്കില്ലെന്നും അവർ പറഞ്ഞു. അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആയിരിക്കും ഉദ്ഘാടന മത്സരം നടക്കുക. ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബർ 18 ന് 2022 ലെ ഫിഫ ലോകകപ്പിന് തിരശ്ശീല വീഴും.
ആദ്യമായാണ് ലോകകപ്പ് മിഡിൽ ഈസ്റ്റിൽ നടക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും എല്ലാ രാജ്യങ്ങളെയും വരവേൽക്കാൻ ഖത്തർ തയ്യാറായി കഴിഞ്ഞെന്നും അധികൃതർ അറിയിച്ചു.