സമാധാന സന്ദേശം ലോകകപ്പ് വേദിയിൽ പങ്കുവയ്ക്കണമെന്ന യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയുടെ ആവശ്യം ഫിഫ തള്ളി. ലോക സമാധാനത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സെലൻസ്കിയുടെ വിഡിയോ സന്ദേശം മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ നിലവിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.
അതേസമയം ഗ്രാമി അവാർഡ്സ്, കാൻസ് ഫിലിം ഫെസ്റ്റിവൽ, ജി-20 ഉച്ചകോടി എന്നിവയിലെല്ലാം സമാധാനാഹ്വാനം ഉന്നയിക്കണമെന്ന ആവശ്യവുമായി സെലൻസ്കി ഉയർത്തിയിരുന്നു. ലോകശ്രദ്ധ നേടുന്ന എല്ലാ വേദികളിലും സമാധാനത്തിന്റെ സന്ദേശവുമായി സെലൻസ്കി എത്തുമെന്നാണ് റിപ്പോർട്ട് .
എന്നാൽ രാഷ്ട്രീയ പ്രശ്നങ്ങളേയും നിലപാടുകളേയും ഖത്തറിലെ ലോകകപ്പ് വേദിക്ക് പുറത്ത് നിർത്താനാണ് ഫിഫയുടെ തീരുമാനം. എൽജിബിടിക്യു വിഭാഗത്തിനോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി വൺ ലൈ ആം ബാൻഡ് ധരിക്കുന്നതിൽ നിന്ന് ടീം അംഗങ്ങളെ ഫിഫ വിലക്കിയിരുന്നു. ഇതിനെതിരെയാണ് ജർമനി വായ പൊത്തി പ്രതിഷേധിച്ചത്. ഇത് കൂടാതെ ലോകകപ്പ് വേദിയിൽ റെയിൻബോ ഫ്ളാഗ് വീശുന്നതിനും വിലക്കെർപ്പെടിത്തിയിട്ടുണ്ട്. എന്നാൽ പലസ്തീനിയൻ പതാകയ്ക്ക് വിലക്കില്ല. ഫുട്ബോൾ ആരാധകർ സ്റ്റേഡിയത്തിൽ പലസ്തീനിയൻ കൊടി വീശിയിരുന്നു.