കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്ത് ഓഫീസിന് മുകളില്‍ കയറി കര്ഷകന് ആത്മഹത്യഭീഷണി മുഴക്കി. തിരുവാര്‍പ്പ് സ്വദേശി ബിജുവാണ് കെട്ടിടത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കിയത്. പൊലീസും ബന്ധുക്കളും നാട്ടുകാരും കര്‍ഷകനെ അനുനയിപ്പിച്ച് താഴെയിറക്കി.
കയ്യില്‍ മണ്ണെണ്ണ കുപ്പിയും കഴുത്തില്‍ കയര്‍ കുരുക്കി ഇട്ട നിലയിലുമായിരുന്നു ഇദ്ദേഹം കെട്ടിടത്തിന് മുകളില്‍ കയറിയത്. പരിഹാരമുണ്ടാക്കാമെന്ന തഹസില്‍ദാരുടെ ഉറപ്പിലാണ് താഴെയിറങ്ങാന്‍ ബിജു തയ്യാറായത്.
കൃഷിയിടത്തില്‍ വെള്ളം ലഭിക്കുന്നില്ലെന്നും വിള നശിച്ചെന്നുമാരോപിച്ചാണ് കര്ഷകന് ആത്മഹത്യ ഭീഷണി മുഴക്കിയത്. കൂവപ്പുറം പാടശേഖരത്തില്‍ ബിജുവിന്റെ 1.32 ഏക്കര്‍ വയലിനോട് ചേര്‍ന്നുള്ള ചാല് അടഞ്ഞതിനെ തുടര്‍ന്ന് നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. സമീപ പാടശേഖരത്തിലെ ഉടമ ചാല് മനപൂര്‍വ്വം അടച്ചതാണെന്നാണ് ബിജുവിന്റെ പരാതി. ഇതിനാല്‍ ബിജുവിന് കൃഷി ഇറക്കാന്‍ കഴിയുന്നില്ലെന്നാരോപിച്ചാണ് കെട്ടിടത്തിന് മുകളില്‍ കയറിയത്.
വെള്ളം കിട്ടാതെ നെല്‍ച്ചെടികള്‍ നശിക്കുന്നുവെന്നും കൃഷി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജു പഞ്ചായത്ത് അധികൃതര്‍ക്കും കൃഷി ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.
അതേസമയം ബിജുവിന്റെ വിഷയം കോടതിയുടെ പരിഗണനയിലുള്ള കേസാണെന്നും പഞ്ചായത്തും കൃഷി വകുപ്പും കക്ഷി അല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് അജയന് മേനോന് പറഞ്ഞു.