മണിപ്പൂരില്‍ കുകി യുവതികളെ നഗ്നരാക്കി നടത്തിയതിനും ലൈംഗികാതിക്രമം നടത്തിയതിനും കാരണമായത് മെയ്തെയികള്‍ക്കിടയില്‍ പ്രചരിച്ച വ്യാജവാര്‍ത്തയെന്ന് പൊലീസ്. ഡല്‍ഹിയില്‍ നടന്ന കൊലപാതക വാര്‍ത്ത മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ നടന്നതെന്ന പേരില്‍ പ്രചരിപ്പിച്ചതാണ് യുവതികള്‍ക്കെതിരായ ക്രൂരതയ്ക്ക് കാരണമായതെന്നാണ് പൊലീസ് വാദം.
പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയിലുള്ള സ്ത്രീയുടെ മൃതദേഹം മെയ്തെയ് വിഭാഗത്തിലെ സ്ത്രീക്ക് നേരെയുണ്ടായ അതിക്രമം എന്ന പേരില്‍ പ്രചരിച്ചു. ഇതിന് പിന്നാലെ കാങ്പോക്പിയില്‍ അഞ്ച് പേരെ തട്ടിക്കൊണ്ട് പോയെന്നും പൊലീസ് പറഞ്ഞു.
1000ത്തോളം ആയുധധാരികളായ ആളുകള്‍ കുകികള്‍ താമസിക്കുന്ന ഗ്രാമത്തിലേക്കെത്തി അക്രമം നടത്തി. രക്ഷപ്പെടാനാവാതെ വന്ന രണ്ട് സ്ത്രീകളെയാണ് മെയ്തെയ് വിഭാഗക്കാര്‍ വിവസ്ത്രരാക്കി നടത്തിച്ചത്. മെയ് നാലാം തീയതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
ഇന്റര്‍നെറ്റ് വിച്ഛേദമടക്കമുള്ള മണിപ്പൂരില്‍ നിന്ന് വീഡിയോ പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ രോഷമാണ് സംഭവത്തിനെതിരെ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കുകയായിരുന്നു.
അതേസമയം തങ്ങളെ നഗ്നരായി നടത്തിക്കുമ്പോള്‍ പൊലീസ് ഇത് കണ്ട് നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ആക്രമത്തിനിരയായ യുവതികളിലൊരാള്‍ വെളിപ്പെടുത്തിയിരുന്നു. പൊലീസ് സഹായിച്ചില്ലെന്നും അവരെ തടയാന്‍ ശ്രമിച്ച തന്റെ പിതാവിനെയും സഹോദരനെയും ആള്‍ക്കൂട്ടം കൊലപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു.