ട്വിറ്ററിലെ കൂട്ട പിരിച്ചുവിടലിന് പിന്നാലെ ഫേസ്ബുക്കും ജീവനക്കാരെ കൂട്ടത്തോടെ പറഞ്ഞുവിടാനൊരുങ്ങുന്നു. ഈ ആഴ്ചയില്‍ മെറ്റയില്‍ വന്‍ തോതില്‍ പിരിച്ചുവിടല്‍ നടക്കുമെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ചയ്ക്കു മുമ്പായി പിരിച്ചുവിടല്‍ പ്രഖ്യാപിക്കുമെന്നും എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മെറ്റ വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ഇതിനകം സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തില്‍ അര ട്രില്യണ്‍ ഡോളറിലധികം നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക്ടോക്കില്‍ നിന്നുള്ള മത്സരം കടുത്തതുമാണ് മെറ്റക്കു തിരിച്ചടിയായത്. ഡിജിറ്റല്‍ പരസ്യ വിപണിയിലെ മാന്ദ്യം മെറ്റയെ മാത്രമല്ല, എതിരാളികളായ ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയെയും ബാധിച്ചു. കമ്പനി നടത്തുന്ന നിക്ഷേപങ്ങളുടെയും നിയമനങ്ങളുടെയും വേഗം കുറയ്ക്കുകയാണെന്നു മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുകയായിരുന്നു. ആഗോള തലത്തില്‍ 75,00ത്തോളം ജീവനക്കാരുള്ളതില്‍ പകുതിയോളം പേരെയും പിരിച്ചു വിട്ടു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലും കൂട്ടപ്പിരിച്ചുവിടലെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്.