മംഗളൂരുവില്‍ മലയാളി യുവാവിനും ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടിക്കും നേരെ സദാചാര ഗുണ്ടായിസം. മംഗലാപുരത്തെ പനമ്പൂര്‍ ബീച്ചില്‍ ഞായറാഴ്ച വൈകീട്ടാണ് ഇരുവര്‍ക്കുമെതിരെ തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ലൗ ജിഹാദ് ആരോപിച്ചായിരുന്നു ആക്രമണം.
ഞായറാഴ്ച വൈകിട്ട് ബീച്ചില്‍ ഇരിക്കുകയായിരുന്ന ഇവര്‍ക്കെതിരെ കാവി ഷാള്‍ ധരിച്ച ഓരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞത്. യുവാവ് മുസ്ലീം ആണെന്നും ഇത് ലൗ ജിഹാദാണെന്നും ആരോപിച്ചായിരുന്നു ആക്രമണമെന്നും പരാതിയില്‍ പറയുന്നു.
സദാചാര ഗുണ്ടകള്‍ ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ മൂന്ന് പേര് തീവ്ര ഹിന്ദു സംഘടനയിലെ അംഗങ്ങളാണ്. സംഭവത്തിന് പിന്നാലെ ബീച്ചില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.
മംഗളൂരുവില്‍ രണ്ടാഴ്ച മുമ്പ് കദ്രി പാര്‍ക്കില്‍ ഇരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും സദാചാര ആക്രമണം നടന്നിരുന്നു. നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ അഞ്ജന എന്ന പെണ്‍കുട്ടിയും മറ്റൊരു കോളേജ് വിദ്യാര്‍ത്ഥിയും സുഹൃത്തായ അഖിലിനൊപ്പം പാര്‍ക്കില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. മൂന്നംഗ സംഘം എത്തി കൂടെ ഉണ്ടായിരുന്ന യുവാവിന്റെ മതം ചോദിക്കുകയും അഞ്ജനയ്ക്ക് നേരെ അസഭ്യം ചൊരിഞ്ഞ് അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.