വ്യാജ രേഖ ചമച്ച കേസില്‍ കുറ്റാരോപിതയായ കെ വിദ്യ ചെയ്തത് തെറ്റാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജന്. വിദ്യ എസ്.എഫ്.ഐ നേതാവല്ല. എസ്എഫ്ഐ ഭാരവാഹികളാകുന്നവര്‍ നേതാവാകില്ലെന്നും നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ ആധികാരിക രേഖയായി കണക്കാക്കാന്‍ ആവില്ലെന്നും ഇപി ജയരാജന് പറഞ്ഞു.
മഹാരാജാസ് കോളേജില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. കാലടിയില്‍ വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് ശരിയായ വഴിയില്‍ അല്ലെങ്കില്‍ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ലെന്നും ഇപി ജയരാജന് പറഞ്ഞു.
അതേസമയം കെ വിദ്യയുടെ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്മലയില്‍ പിന്മാറിയിട്ടുണ്ട്. കെ വിദ്യ നിയമപരമായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുകയാണെന്നാണ് ഡോ. ബിച്ചു കാലടി സര്‍വകലാശാലയെ അറിയിച്ചു.
കുറ്റാരോപിതയായി ഇരിക്കുന്ന സാഹചര്യത്തില്‍ കെ വിദ്യയുമായി സഹകരിക്കാനാകില്ലെന്നാണ് ബിച്ചു എക്സ്മല അറിയിച്ചത്.