ലോകകപ്പ് രണ്ടാം ദിവസത്തെ ഗ്രൂപ്പ് ബി മത്സരത്തിൽ ഇംഗ്ലണ്ടിൻ്റെ ഗോൾമഴയിൽ മുങ്ങി ഇറാൻ. രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ഇറാനെ നിലംപരിശാക്കിയത്. ആദ്യ പകുതിയിൽ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു.
ഇംഗ്ലണ്ടിനായി യുവതാരം ബുകായോ സാക 43, 62 മിനിറ്റുകളിലായി ഇരട്ടഗോൾ നേടി. ജൂഡ് ബെല്ലിങ്ഹാം, റഹിം സ്റ്റെർലിങ്, മാർക്കസ് റാഷ്ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.
ഇറാനായി സൂപ്പർതാരം മെഹ്ദി ടറേമിയാണ് ഇരട്ടഗോൾ നേടിയത്. 65, 90+13 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ടറേമിയുടെ ഗോളുകൾ പിറന്നത്. രാജ്യത്തിനായി 64 മത്സരങ്ങളിലായി ടറേമിയുടെ 42–ാം ഗോളാണിത്.
കഴിഞ്ഞ ലോകകപ്പിൽ ടോപ് സ്കോററായ ക്യാപ്റ്റൻ ഹാരി കെയ്ന് ഗോൾവേട്ട നടത്താനായില്ലെങ്കിലും രണ്ട് അസിസ്റ്റുകളുമായി സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയ സ്റ്റെർലിങ് നാലാം ഗോളിനു വഴിയൊരുക്കുകയും ചെയ്തു.
ഇംഗ്ലണ്ടിൻ്റെ സമ്പൂർണ ആധിപത്യത്തിൽ ആദ്യ പകുതിയുടെ തുടക്കത്തിൽ സ്വന്തം ടീമിലെ താരവുമായി കൂട്ടിയിടിച്ച് ഒന്നാം നമ്പർ ഗോൾകീപ്പർ അലിറേസ ബെയ്റാൻവാൻഡിനെ ഇറാന് നഷ്ടമായിരുന്നു. ബെയ്റാൻവാൻഡിനു പകരമിറങ്ങിയ ഹുസൈൻ ഹുസൈനിയുടെ പിഴവുകൾ ഇറാൻ്റെ പരാജയത്തിന് കടുപ്പമേറ്റി.