ബോക്സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചടുക്കി എമ്പുരാൻ്റെ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് പതിനൊന്നാം ദിവസം 250 കോടി ക്ലബിലെത്തുനന്ന ആദ്യമലയാളചിത്രം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാൻ ഇപ്പോൾ. മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന എമ്പുരാന് രാഷ്ട്രീയ വിവാദങ്ങൾ കൂടുതൽ മൈലേജ് നൽകി.
നിലവിൽ വേറെ മലയാള ചിത്രങ്ങളൊന്നും റിലീസ് ചെയ്യാതിരുന്നതും എമ്പുരാനൊപ്പം ഈദ് റിലീസായി എത്തിയ സിക്കന്ദറും, വീര ധീര ശൂരനും ചിത്രത്തിന് കാര്യമായി വെല്ലുവിളി ഉയർത്താതിരുന്നതും വൈഡ് റിലീസിൻ്റെ ഗുണം ചിത്രത്തിന് നേടിക്കൊടുത്തു. ഏപ്രിൽ പത്തോടെ മലയാളത്തിലെ വിഷു റിലീസ് ചിത്രങ്ങളായ ബസൂക്ക, ആലപ്പുഴ ജിംഖാന, മരണമാസ്സ്, എന്നിവ റിലീസ് ചെയ്യും. അതിനാൽ തന്നെ അടുത്ത നാല് ദിവസം കൂടി എമ്പുരാന് കേരള ബോക്സ് ഓഫീസിൽ ഫ്രീ റണ്‍ ഉറപ്പാണ്. ചിത്രത്തിൻ്റെ ക്ലോസ്സിംഗ് കളക്ഷൻ എത്രയാവും എന്നതിലാണ് ഇനി ആകാംക്ഷ.