കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി വീണ്ടും രംഗത്ത്. എംഎൽഎ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും പരാതി പിൻവലിക്കാൻ മർദ്ദിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. ആക്രമിച്ച വിവരങ്ങൾ യുവതി മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിയായി നല്കി. സെപ്റ്റംബർ 14നാണ് കേസിന് ആസ്പദമായ സംഭവം. കോവളത്ത് സൂയിസൈഡ് പോയിന്റിന് സമീപം കാറിൽ വെച്ച് എൽദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചെന്നാണ് അധ്യാപികയായ സ്ത്രീയുടെ പരാതി.
നിരവധി തവണ മർദ്ദിച്ചപ്പോൾ സഹികെട്ടാണ് താന്‍ പൊലീസിന് പരാതി നല്‍കിയത്. ഇതിന് ശേഷവും ശാരീരികമായും മാനസികമായും തനിക്ക് പീഡനം നേരിട്ടു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എംഎല്‍എ നേരിട്ട് എത്തിയിരുന്നു. പരാതി പിന്‍വലിക്കാന്‍ ആദ്യം 30 ലക്ഷം രൂപ വാഗ്ദാനം നല്കി. വഴങ്ങാതായതോടെ ക്രൂരമായി എല്‍ദോസ് മര്‍ദ്ദിച്ചൂവെന്നും യുവതി വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 11-ലെ ജഡ്ജിക്ക് മുന്‍പാകെ മൊഴി നല്കി.
യുവതി പരാതിയിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ എംഎൽഎക്ക് എതിരെ കേസ് എടുക്കും. യുവതിയെ കാണാൻ ഇല്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പോലീസിനെ സമീപിച്ചിരുന്നു. ഇതിന് ശേഷം പരാതിക്കാരി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പരാതിക്കാരിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ നെയ്യാറ്റിൻകരയിൽ വെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പ്രതികരണം.