യുഎഇയിൽ സർക്കാർ സേവനങ്ങൾ ഡിജിറ്റൽവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇ–സിഗ്നേച്ചർ നിർബന്ധമാക്കുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ആണ് ഡിജിറ്റലൈസേഷൻ നടപ്പാക്കുന്നത്. സമയവും പണവും ലാഭിക്കുന്നതോടൊപ്പം ദുരുപയോഗവും കുറയ്ക്കാനും ഇ–സിഗ്നേച്ചർ സംവിധാനത്തിലൂടെ സാധിക്കും.
കോടതി, ലേബർ, എമിഗ്രേഷൻ, നഗരസഭ, ഗതാഗതം തുടങ്ങി എല്ലാ പ്രാദേശിക, ഫെഡറൽ സർക്കാർ സേവനങ്ങൾക്കെല്ലാം ഏകീകൃത തിരിച്ചറിയൽ രേഖയാണ് യുഎഇ പാസ്. വാടക കരാർ പുതുക്കുക, ജല–വൈദ്യുതി കണക്ഷൻ എടുക്കുക തുടങ്ങിയ സേവനങ്ങൾ യുഎഇ പാസുമായി ബന്ധിപ്പിച്ച് ഇ–സിഗ്നേച്ചർ നൽകിയാലേ അപേക്ഷ സ്വീകരിക്കൂ. സ്വദേശികളും വിദേശികളും യുഎഇ പാസ് എടുക്കണം.
എമിറേറ്റ്സ് ഐഡി, വീസ എന്നിവ എടുക്കുക, പുതുക്കുക, കെട്ടിടം വാടകയ്ക്ക് എടുക്കുക, വാടകക്കരാർ (തൗതീഖ്) അറ്റസ്റ്റ് ചെയ്യുക, പുതുക്കുക, വാഹനം റജിസ്റ്റർ ചെയ്യുക, സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് അടയ്ക്കുക, ബിസിനസ് ആരംഭിക്കുക തുടങ്ങി 5000 സേവനങ്ങൾക്കുള്ള ഇടപാടുകൾ യുഎഇ പാസ് ഉപയോഗിച്ച് സ്വന്തമായി 24 മണിക്കൂറും നടത്താം.
പ്ലേ സ്റ്റോർ, ആപ്സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് UAE PASS ഡൗൺലോഡ് ചെയ്ത് എമിറേറ്റ്സ് ഐഡി, പേര്, ജനന തീയതി, ദേശീയത, ഐഡി കാലാവധി എന്നിവ നൽകിയ ശേഷം തിരിച്ചറിയൽ കാർഡ് സ്കാൻ ചെയ്ത് റജിസ്റ്റർ ചെയ്യാം.