കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണനയ്ക്കെതിരായി ഡിവൈഎഫ്ഐ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം കാസര്‍ഗോഡ് മനുഷ്യച്ചങ്ങലയില്‍ ആദ്യ കണ്ണിയായി. തിരുവനന്തപുരത്ത് ഇ പി ജയരാജന് അവസാനത്തെ കണ്ണിയുമായി.
മനുഷ്യച്ചങ്ങലയില്‍ പ്രൊഫസര്‍ എംകെ സാനു, സംവിധായകന് ആഷിഖ് അബു, നടന് പിപി കുഞ്ഞികൃഷ്ണന് തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും അണിചേര്‍ന്നു. പ്രതീക്ഷ നല്കുന്ന കൂട്ടായ്മയും മാതൃകാപരമായ സമരവുമാണ് ഡിവൈഎഫ്ഐ നടത്തുന്നതെന്ന് ആഷിഖ് അബു പ്രതികരിച്ചു.
‘ഇത്തരം പ്രതിഷേധങ്ങള്‍ ആണല്ലോ നമ്മുടെ സംസ്ഥാനത്തിന്റെ അവകാശങ്ങളുമൊക്കെ സംരക്ഷിച്ചിട്ടുള്ളത്. അപ്പോള്‍ ഉറപ്പായിട്ടും ജനങ്ങളെ അണിനിരത്തിയുള്ള എല്ലാ സമര രീതികളും എല്ലാ തരത്തിലുള്ള ഭരണകൂടത്തെയും ഇതുവരെ ബാധിച്ചിട്ടുണ്ട്, സ്വാധീനിച്ചിട്ടുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഒരു പരിഹാരം തന്നെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട് എന്നതുകൊണ്ട് തന്നെ, ഇത് വളരെ പ്രതീക്ഷ നല്കുന്ന കൂട്ടായ്മയും മാതൃകാപരമായ സമരവുമായിട്ടാണ് എനിക്ക് തോന്നുന്നത്,’ ആഷിഖ് അബു പറഞ്ഞു.
വൈകിട്ട് നാലരയ്ക്ക് ട്രയല്‍ ചങ്ങല തീര്‍ത്ത ശേഷം അഞ്ച് മണിക്ക് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിജ്ഞ എടുത്തു. തുടര്‍ന്ന് പ്രധാന കേന്ദ്രങ്ങളില്‍ നടന്ന പൊതു സമ്മേളനത്തില്‍ നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിനാളുകള്‍ മനുഷ്യച്ചങ്ങലയുടെ ഭാഗമായി.