ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. 46 നാൾ നീളുന്നതാണ് ഷോപ്പിങ് പൂരം. എല്ലാ വ്യാപാര കേന്ദ്രങ്ങളും ഷോപ്പിങ് ഫെസ്റ്റിവൽ ഓഫറുകൾ ഇന്ന് തുടങ്ങും. വിലക്കുറവും സമ്മാനങ്ങളുമാണ് മേളയുടെ പ്രത്യേകത.
ഇന്ന് മുതൽ ജെബിആർ ദ് ബീച്ചിൽ ഡ്രോൺ ഷോ തുടങ്ങും. രാത്രി 7നും 10നും നടക്കുന്ന ഡ്രോൺ ഷോയിൽ ദുബായുടെ പ്രതീകങ്ങളെല്ലാം ആകാശത്ത് തെളിയും. ദ് ബീച്ചിൽ രാജ്യാന്തര ഷോപ്പിങ് ബ്രാൻഡുകളുടെ ഔട്ലെറ്റുകളും തുറക്കുന്നുണ്ട്.
ബീച്ച് റസ്റ്ററന്റുകളിൽ കടൽ കാഴ്ചകൾ കണ്ട് ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുങ്ങി. എക്സ്പോ സിറ്റി അൽവാസൽ പ്ലാസയിൽ ഒരുക്കിയ മഞ്ഞുകൂടാരങ്ങളിൽ കുട്ടികൾക്ക് സാന്താക്ലോസിനെ കാണാം. എക്സ്പോ സിറ്റി പെറ്റ് ഫ്രണ്ട്ലി ആയതിനാൽ വളർത്തു നായ്ക്കളുമായി എത്താം. ജെബിആർ ബീച്ചിൽ കാത്തിരിക്കുന്നത് ദിവസങ്ങൾ നീളുന്ന വെടിക്കെട്ടിനാണ്. ഇന്ന് രാത്രി 9 വരെ ഉദ്ഘാടന വെടിക്കെട്ട്. പിന്നീട് 25 വരെ ദിവസവും രാത്രി 8.30ന് വെടിക്കെട്ട് ഉണ്ടാവും.പുതുവർഷ രാവിലും പിന്നീട് ജനുവരി 9 മുതൽ 15വരെയും വെടിക്കെട്ട് ആസ്വദിക്കാം.