ദുബായ്: വിപ്ലവകരമായ പുതിയ ചുവടുവെയ്പ്പിനൊരുങ്ങി ദുബായ്.പൊതുഗതാഗത രംഗത്തേക്ക് പുനരുപയോഗ വസ്തുക്കളിൽ നിന്നും ത്രിഡി പ്രിന്റിങ് സാങ്കേതിക വിദ്യയിലൂടെ നിർമിക്കുന്ന റെയിൽ ബസ് വരുന്നു.മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാൻ റെയിൽ ബസുകളിൽ 40 പേർക്ക് ഇരിക്കാം.ഭിന്നശേഷിക്കാർക്ക് പ്രത്യേക സീറ്റുകളുണ്ടാകും.
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന റെയിൽ ബസിന് ഡ്രൈവർ ഉണ്ടാകില്ല.കാർബൺ വാതകത്തിന്റെ അളവ് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നെറ്റ് സീറോ 2050 പദ്ധതിയുടെ ഭാഗമായാണ് പുതിയ പൊതുഗതാഗത സംവിധാനം ആർടിഎ പ്രഖ്യാപിച്ചിരിക്കുന്നത്.റെയിൽ ബസിന്റെ മാതൃക മദീനത്ത് ജുമൈറയിൽ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. സീറ്റുകൾക്ക് മുന്നിലുള്ള സ്ക്രീനിൽ അടുത്ത സ്റ്റേഷൻ ഏതെന്നത് അടക്കം എല്ലാ യാത്രാവിവരങ്ങളും തെളിയും. കാലാവസ്ഥയും പ്രാദേശിക സമയവും അടക്കം ഡിസ്പ്ലേയിലുണ്ടാകും.
ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ ആർടിഎ പ്ലാറ്റ്ഫോം സന്ദർശിച്ച യുഎഇ വൈസ് പ്രസിഡൻ്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പുതിയ ബസ് പരിശോധിച്ചു.ദുബായ് കിരീടാവകാശിയും യു.എ.ഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദും ഷെയ്ഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു.