ദുബായിൽ ഈ വർഷം പകുതിയോടെ റോഡിനു നടുവിൽ വാഹനം നിർത്തിയ 7600 ഡ്രൈവർമാർക്ക് പിഴചുമത്തിയതായി ദുബായ് പോലീസ്. 1000 ദിർഹവും ആറ് ബ്ലാക്ക് പോയന്റുമാണ് പിഴ.
അതിവേഗ പാതയിൽ അശ്രദ്ധയോടെ വാഹനം നിർത്തുന്നത് അപകടങ്ങൾ വൻ തോതിൽ വർധിക്കുന്നതിന് കാരണമാവുന്നുണ്ട്. കഴിഞ്ഞ വർഷം 11 അപകടങ്ങളാണ് ഇത്തരത്തിൽ ഉണ്ടായത്. എട്ടുപേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം അഞ്ച് അപകടങ്ങളാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇത്തരം പ്രവർത്തി ചെയ്യുന്നവർക്ക് പിഴ ചുമത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം 11,565 പേർക്കാണ് ഇത്തരത്തിൽ പിഴ നൽകിയിട്ടുള്ളത്.
ഡ്രൈവർമാരുടെ അശ്രദ്ധ മൂലം റോഡിൽ വാഹനം നിർത്തിയതിനെ തുടർന്നുണ്ടായ അപകടത്തിന്റെ വിഡിയോ അബുദാബി പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാൽ ഇന്ധനം തീരുന്ന സാഹചര്യത്തിൽ വഴിയിലാകുന്ന വാഹനങ്ങൾ റോഡിന്റെ വശത്ത് ഒതുക്കിയിടണമെന്നാണ് പൊലീസിന്റെ നിർദേശം. സുരക്ഷിതമായ സ്ഥലത്ത് വാഹനം പാർക്ക് ചെയ്തതിന് ശേഷം പൊലീസിനെ വിവരം അറിയിക്കുകയാണ് ഡ്രൈവർമാർ ചെയ്യേണ്ടതെന്ന് പോലീസ് അറിയിച്ചു.