ദുബായിലെ പ്രശസ്തമായ മിറാക്കിൾ ഗാർഡൻ വീണ്ടും തുറക്കുന്നു. 11-ാം സീസൺ ഒക്ടോബർ 10നാണ് ആരംഭിക്കുക. ജൂണിൽ മിറാക്കിൾ ഗാർഡൻ അടച്ചിട്ടിരുന്നു. ഇപ്പോൾ ശീതകാലം ആരംഭിച്ചതോടെയാണ് ഗാർഡൻ വീണ്ടും സന്ദർശകരെ സ്വാഗതം ചെയ്യാനൊരുങ്ങുന്നത്. പുതിയ സീസണിലേക്കുള്ള ടിക്കറ്റുകൾ ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
150 ദശലക്ഷത്തിലധികം പൂക്കളാണ് സന്ദർശകരെ അത്ഭുതപ്പെടുത്താൻ ഗാർഡണിൽ പൂത്തുലഞ്ഞത്. കഴിഞ്ഞ വർഷത്തെ ഏറ്റവും പ്രധാന ആകർഷണം വിദേശ പുഷ്പങ്ങൾ ധരിച്ച ഒരു ‘ഫ്ലോട്ടിംഗ് ലേഡി’യായിരുന്നു. കൂടാതെ ഗാർഡനിലെ ഡിസ്നി അവന്യൂവിലെ മിക്കി മൗസിന്റെ 18 മീറ്റർ പുഷ്പ ഘടനയും റെക്കോർഡ് തകർത്ത എമിറേറ്റ്സ് A380 ഡിസ്പ്ലേയും പാർക്കിലെ മറ്റ് ആകർഷണങ്ങളാണ്. മിറാക്കിൾ ഗാർഡന്റെ പ്രധാന കവാടത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യാൻ ഭീമാകാരമായ കാർട്ടൂൺ കഥാപാത്രങ്ങളും ലൈഫ്-സൈസ് മൃഗങ്ങളും ഒരുങ്ങി കഴിഞ്ഞു.
ഈ സീസണിൽ അതിഥികൾക്കായി കാത്തിരിക്കുന്ന ആകർഷണങ്ങൾ ഇതുവരെ അധികൃതർ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ “പുതിയ ആവേശകരമായ അനുഭവങ്ങൾ വരാൻ പോകുന്നു” എന്ന് വെബ്സൈറ്റിൽ പറയുന്നുമുണ്ട്. ഇത് പ്രകാരം സന്ദർശകരെ കാത്തിരിക്കുന്നത് വലിയ സർപ്രൈസ് ആണെന്ന് മനസിലാക്കാം.