ദുബായിൽ കഴിഞ്ഞ വർഷം 6.74 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ എത്തിച്ചേർന്നതായി റിപ്പോർട്ട്. മെഡിക്കൽ ടൂറിസ്റ്റുകൾ ആകെ 99.2 കോടി ദിർഹമാണ് യുഎഇയിൽ ചെലവഴിച്ചത്. ടൂറിസ്റ്റുകളിൽ 39 ശതമാനം പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 22 ശതമാനം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും 21 ശതമാനം അറബ്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അമേരിക്കയിലെ മെഡിക്കൽ ടൂറിസം അസോസിയേഷൻ ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ ടൂറിസം കേന്ദ്രമായി ദുബായിയെ തിരഞ്ഞെടുത്തിരുന്നു. ഏറ്റവും മികച്ച 46 അന്താരാഷ്ട്ര മെഡിക്കൽ ടൂറിസം രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ആറാം സ്ഥാനം നേടുകയും ചെയ്തിരുന്നു. 2021ൽ 6.3 ലക്ഷം ടൂറിസ്റ്റുകളായിരുന്നു ദുബായിയിൽ എത്തിച്ചേർന്നത്. ഇവർ 73 കോടി ദിർഹമാണ് ചെലവഴിച്ചത്. വരുമാനത്തിൽ ആകെ 26 കോടി ദിർഹത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
ഗൈനക്കോളജി, ഡെന്റിസ്ട്രി, ഡെർമെറ്റോളജി എന്നിവയിലാണ് ഏറ്റവും കൂടുതൽ പേർ എമിറേറ്റ്സിൽ ചികിൽസ തേടുന്നത്. പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിയാക്, ഒഫ്താൽമോളജി, ഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് എന്നീ മേഖലകളിലെ ചികിത്സകൾക്കും ടൂറിസ്റ്റുകൾ എത്തിച്ചേരുന്നുണ്ട്. ഉയർന്ന ഗുണമേന്മയുള്ള ചികിത്സ ലഭ്യമാകുന്നതാണ് ദുബായിയെ ആരോഗ്യ പരിപാലന രംഗത്ത് അന്തർദേശീയ തലത്തിൽ ഒന്നാമതെത്തിച്ചതെന്ന് അതോറിറ്റി ജനറൽ അവദ് അൽ കിത്ബി പറഞ്ഞു.