ദുബായിൽ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നൽകി യുവാവ് പണം തട്ടി. അമേരിക്കയിലെ സൈനിക ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 33 കാരനായ യുവാവ് 620,000 ദിർഹം തട്ടിയെടുത്തത്.
ഡേറ്റിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇയാൾ യൂറോപ്യൻ യുവതിയുമായി ആശയവിനിമയം നടത്തിയത്. താൻ ആൾമാറാട്ടം നടത്തുന്ന ചിത്രങ്ങൾ യുവതിക്ക് അയച്ചുകൊടുക്കുകയും നിലവിൽ യുഎഇയിലാണ് താമസിക്കുന്നതെന്നും എന്നാൽ വിവാഹ ശേഷം യുഎസിലേക്ക് പോകാമെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു.
യുവതി വീഡിയോ കോളിന് നിർബന്ധിക്കുമ്പോളെല്ലാം കള്ളി വെളിച്ചത്താവാതിരിക്കാൻ താൻ ഒരു സൈനിക താവളത്തിലാണെന്നും വീഡിയോ അനുവദനീയമല്ലെന്നും ഇയാൾ പറഞ്ഞിരുന്നു. ഇയാൾ പലതവണ പണം ആവശ്യപ്പെടാറുണ്ടെന്നും ഈ പണം അവരുടെ വിവാഹത്തിനും യുഎസിലെ ജീവിതത്തിനും ഉപയോഗിക്കാനാണെന്നും പ്രതി പറഞ്ഞിരുന്നതായി ഇര വ്യക്തമാക്കി. ഇത്തരത്തിൽ പലപ്പോളായി 620,000 ദിർഹം പ്രതി കൈപ്പറ്റി.
പണം ട്രാൻസ്ഫർ ചെയ്ത ശേഷം പ്രതി യുവതിയുമായുള്ള എല്ലാ ആശയവിനിമയങ്ങളും അവസാനിപ്പിച്ചു. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സിഐഡി ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഏഷ്യാക്കാരനാണെന്ന് കണ്ടെത്തിയത്.