യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. തുടർച്ചയായി ഒമ്പതാം തവണയാണ് ദുബായ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം നേടുന്നത്.
എയർപോർട്സ് കൗൺസിൽ ഇന്റർനാഷണൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ദുബായ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ മുന്നിലെത്തിയത്. കഴിഞ്ഞ വർഷം 6.6 കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. 2021നേക്കാൾ 127 ശതമാനം വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ദുബായ് വിമാനത്താവളം രേഖപ്പെടുത്തിയതെന്നാണ് എസിഐ സൂചിപ്പിക്കുന്നത്. 2022ലെ കണക്കുകൾ പ്രകാരമാണ് എസിഐ റിപ്പോർട്ട് തയ്യാറാക്കിയത്.
യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നതിൽ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തുടരുമെന്ന് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത് പറഞ്ഞു. കൊവിഡിന് ശേഷം സാധാരണ നിലയിലേക്ക് എത്തിച്ചേർന്ന വിമാനത്താവളം പ്രാദേശിക, അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഉയർന്ന നിരക്കാണ് കാണിക്കുന്നതെന്ന് എസിഐ റിപ്പോർട്ടിൽ വിലയിരുത്തുന്നു. ലണ്ടനിലെ വിമാനത്താവളമാണ് 5.8 കോടി യാത്രക്കാരുമായി എണ്ണത്തിൽ തൊട്ടുപിന്നിലുള്ളത്. 5.2 കോടിയാത്രക്കാരുമായി ആംസ്റ്റർഡാം, 5.1 കോടിയാത്രക്കാരുമായി പാരീസ്, 4.8കോടി യാത്രക്കാരുമായി ഇസ്താംബൂൾ എന്നിവയും യാത്രക്കാരുടെ എണ്ണത്തിൽ മുൻനിരയിലെത്തി നിൽക്കുന്നു.