മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി ദുബായിൽ സ്മാർട്ട് ഇലകട്രോണിക് സേവനമായ ഹാപ്പിനസ് വെഹിക്കിൾ പദ്ധതി ആരംഭിച്ചു. ദുബായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി വഴി സഹായം ആവശ്യമുള്ളവരുടെ വീടുകളിലെത്തി സേവനം ലഭ്യമാക്കും. മുനിസിപ്പാലിറ്റിയുടെ കാൾ സെന്ററിൽ വിളിച്ച് ഏത് തരത്തിലുള്ള സേവനമാണ് വേണ്ടതെന്നും താമസസ്ഥലവും അറിയിക്കണം. തുടർന്ന് മുനിസിപ്പാലിറ്റി ജീവനക്കാരൻ വീടുകളിലെത്തി വേണ്ട സഹായം നൽകും. ഉപയോക്താക്കളുടെ സന്തോഷം, ക്ഷേമം, സംതൃപ്തി എന്നിവയുടെ ഉയർത്താൻ ഈ സേവനം വഴി സാധിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അംഗീകൃത എൻജിനീയറിംഗ് ഡ്രോയിങ്ങ് പകർപ്പിനുള്ള അപേക്ഷ സമർപ്പണം, നിർമാണ പൂർത്തീകരണ സർട്ടിഫിക്കറ്റ്,
കീടനിയന്ത്രണ സേവനം, മാലിന്യ നിർമാർജനം എന്നീ സേവനങ്ങൾ ലഭ്യമാക്കും. ഉപയോക്താക്കൾക്ക് 800900 എന്ന നമ്പറിൽ വിളിച്ച് ഹാപ്പിനസ് വെഹിക്കിൾ ബുക്ക് ചെയ്യാം. സഹായവുമായി എത്തുന്നതിന് മുന്നോടിയായി കോൾ സെന്ററിൽ നിന്നും ഉപയോക്താക്കളെ മുൻകൂട്ടി വിളിച്ച് സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഉറപ്പാക്കും. ഇതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.