ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വസതി സ്വന്തമാക്കി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി. 1,353 കോടി രൂപയ്ക്കാണ് അംബാനി ദുബായ് പാം ജുമൈറയിലെ ആഡംബര വില്ല വാങ്ങിയിരിക്കുന്നത്.
കുവൈത്തിലെ പ്രമുഖ വ്യവസായി മുഹമ്മദ് അല്‍ശയ എന്നയാളുടെ ബീച്ച് സൈഡ് വില്ലയാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായുടെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ റിയൽ എസ്റ്റേറ്റ് ഇടപാടാണ് നടന്നിരിക്കുന്നത്. സ്വന്തം റെക്കോര്‍ഡ് തിരുത്തിയാണ് മുകേഷ് അംബാനി പുതിയ വില്ല വാങ്ങിയത്. കഴിഞ്ഞയാഴ്ചയായിരുന്നു കൈമാറ്റം നടന്നത്.
കഴിഞ്ഞ ഓഗസ്റ്റിൽ ഇളയ മകൻ അനന്ത് അംബാനിക്കായി പാം ജുമൈറയിൽ 650 കോടി രൂപയുടെ മറ്റൊരു ആഡംബര വസതി മുകേഷ് അംബാനി വാങ്ങിയിരുന്നു. പത്ത് ബെഡ്റൂമുകളും പ്രൈവറ്റ് ബീച്ചുമെല്ലാമാണ് ഈ വസതിയിലുള്ളത്.
ദുബായിലെ പാം ജുമൈറയില്‍ 1,353 കോടിയുടെ ഭൂമി ഇടപാട് നടന്നതായി ദുബായ് ലാൻ്റ് ഡിപ്പാര്ട്ട്മൻ്റാണ് അറിയിച്ചത്. ആരാണ് ഈ ഇടപാട് നടത്തിയതെന്ന് ഈ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെ ദുബായിലെ ഏറ്റവും വിലയേറിയ ആഡംബര വില്ല സ്വന്തമാക്കിയത് മുകേഷ് അംബാനിയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഇടപാടിനെക്കുറിച്ച് റിലയന്‍സ്, അല്‍ശയ വക്താക്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചായാണ് വിവരം.