നികുതി വെട്ടിപ്പ് കേസിൽ ബ്രിട്ടീഷ് ഹെഡ്ജ് ഫണ്ട് വ്യാപാരി സഞ്ജയ് ഷായെ കൈമാറാനുള്ള ഡെൻമാർക്കിന്റെ അപേക്ഷ ദുബായ് കോടതി തള്ളി. കൈമാറുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി അപേക്ഷ തള്ളിയത്. 1.7 ബില്യൺ ഡോളറിന്റെ നികുതി തട്ടിപ്പാണ് സഞ്ജയ് ഷാ നടത്തിയത്.
അന്താരാഷ്ട്ര ജുഡീഷ്യൽ സഹകരണ നിയമത്തിലെ ആർട്ടിക്കിൾ (11) പ്രകാരം നടത്തിയ എല്ലാ ഔദ്യോഗിക അന്വേഷണങ്ങളുടെയും യഥാർത്ഥ പകർപ്പുകൾ കൈമാറണമെന്നും കോടതി വിധിയിൽ പറഞ്ഞു. പകർപ്പുകളിൽ കുറ്റാരോപിതനും പോലീസ് ഉദ്യോഗസ്ഥരും ഒപ്പിട്ട സാക്ഷികളുടെ രേഖകൾ, അറസ്റ്റിന്റെ വിശദാംശങ്ങൾ, പരിശോധനകൾ, വ്യക്തിക്കെതിരായ ആരോപണം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട അക്കൗണ്ടിംഗ്, സാങ്കേതിക റിപ്പോർട്ടുകൾ തുടങ്ങിയ തെളിവുകളും ഉൾപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
ഡാനിഷ് ഭാഗത്ത് നിന്ന് ലംഘനങ്ങൾ ഉണ്ടായെന്നും ജാമ്യത്തിനായി അപേക്ഷ നൽകുമെന്നും ഷായുടെ അഭിഭാഷകൻ അലി അൽ സറൂണി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്നും താൻ ഡാനിഷ് നിയമങ്ങൾക്കനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ഷാ പ്രതികരിച്ചു. അഞ്ച് മാസം മുമ്പാണ് ഷായെ ദുബായിൽ വെച്ച് അറസ്റ്റ് ചെയ്തത്. യുഎഇയും ഡെൻമാർക്കും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ ഒപ്പിട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്.