ദുബായ് ചെസ് ഓപണ്‍ കിരീടം ചൂടി ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ അരവിന്ദ് ചിദംബരം. ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തിയ ഗ്രാന്റ് മാസ്റ്റര്‍ ആര് പ്രഗ്നാനന്ദയെ തോല്പിച്ചാണ് അരവിന്ദ് കിരീടം നേടിയത്.
മത്സരത്തിന്റെ ഒമ്പതാം റൗണ്ടിലാണ് അരവിന്ദ് പ്രഗ്നാനന്ദയെ പരാജയപ്പെടുത്തി ചാമ്പ്യനായത്. മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തിയതിലൂടെ ശ്രദ്ധേയനായിരുന്നു പ്രഗ്നാനന്ദ. ചെസിലെ പുതിയ താരങ്ങൾ തമ്മിലുള്ള തമ്മിലുള്ള പോരാട്ടം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. 7.5 പോയിന്റോടെയാണ് അരവിന്ദ് മത്സരത്തില്‍ വിജയം നേടിയത്. ഏഴ് പോയിന്റുകള്‍ വീതം നേടിയ പ്രഗ്നാനന്ദയും റഷ്യന്‍ ഗ്രാന്റ് മാസ്റ്റര്‍ പ്രെഡ്കെ അലക്സാണ്ടറും രണ്ടാം സ്ഥാനം പങ്കിട്ടു.
ഇന്ത്യയുടെ ആദ്യത്തെ ദേശീയ ട്രിപ്പിള്‍ ക്രൗണ്‍ ചാമ്പ്യനായ അരവിന്ദ് ചിദംബരം നിലവിലെ ദേശീയ റാപ്പിഡ്, ബ്ലിറ്റ്സ് ചാമ്പ്യന്‍ കൂടിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച സെലക്ഷന് മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യത നേടാന്‍ കഴിയാതിരുന്ന ചിദംബരത്തിന് ചെസ്സ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാനായിരുന്നില്ല.