മാർച്ച് 16 മുതൽ ദുബായിലെ സർക്കാർ ജീവനക്കാർക്ക് പബ്ലിക് ലൈബ്രറികളിൽ ഇരുന്ന് ഓൺലൈനായി ജോലി ചെയ്യാം. വിദൂര ജോലി, വിദൂര വിദ്യാഭ്യാസം എന്നിവയ്ക്കായി ലക്ഷ്യമിടുന്ന പുതിയ ഫോറമായ ‘റിമോട്ട്’ ഉദ്ഘാടന ദിനത്തിൽ ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ സായിദ് അൽ ഫലാസിയാണ് പുതിയ സംരംഭം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
ലൈബ്രറികളുടെ മേൽനോട്ടം വഹിക്കുന്ന ദുബായ് കൾച്ചറിന്റെയും ഡിജിറ്റൽ ദുബായിയുടെയും സഹകരണത്തോടെയാണ് പുതിയ സംരംഭം ആരംഭിച്ചതെന്ന് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് അൽ ഫലാസി പറഞ്ഞു. 67,000 ജീവനക്കാരാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
ഇതോടെ വിദൂരമായി പ്രവർത്തിക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും അൽ ഫലാസി പറഞ്ഞു. ജീവനക്കാർക്ക് അവരുടെ അടുത്തുള്ള ലൈബ്രറികളിൽ നിന്ന് വിദൂരമായി പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യഘട്ടത്തിൽ ദുബായിലെ 61 സർക്കാർ സ്ഥാപനങ്ങളിൽ ഈ പദ്ധതി നടപ്പാക്കും. ലൈബ്രറികളിൽ നിന്നുള്ള പുതിയ റിമോട്ട് വർക്ക് സൗകര്യം നാളെ മാർച്ച് 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് വകുപ്പ് സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിദൂര ജോലികൾക്കുള്ള മാനദണ്ഡങ്ങളും നയങ്ങളും യുഎഇ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.