കഴുതപ്പാലുകൊണ്ട് നിര്‍മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സ്ത്രീകളുടെ ശരീരം ഭംഗിയായി സൂക്ഷിക്കാന്‍ പറ്റുമെന്ന് ബിജെപി എംപിയായ മനേക ഗാന്ധി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു മനേകയുടെ പരാമർശം. കൂടാതെ ഈജിപ്ഷ്യന്‍ രാജ്ഞിയായിരുന്ന ക്ലിയോപാട്ര കഴുതയുടെ പാലിലായിരുന്നു കുളിക്കാറുണ്ടായിരുന്നത് എന്നും മനേക ഗാന്ധി കൂട്ടിച്ചേർത്തു.
“പ്രശസ്തയായ രാജ്ഞി ക്ലിയോപാട്ര കഴുതകളുടെ പാലിലായിരുന്നു കുളിച്ചിരുന്നത്. ഡല്‍ഹിയില്‍ കഴുതപ്പാൽ ഉപയോഗിച്ച് നിര്‍മിക്കുന്ന സോപ്പ് ഒന്നിന് 500 രൂപയാണ് വില. നമുക്ക് എന്തുകൊണ്ട് കഴുതപ്പാലില്‍ നിന്നും ആട്ടിന്‍ പാലില്‍ നിന്നും സോപ്പ് നിര്‍മിക്കാന്‍ ആരംഭിച്ചുകൂടാ?” മനേക ഗാന്ധി ചോദിച്ചു.
ഒരു കഴുതയെ കണ്ടിട്ട് എത്രനാളായെന്ന് ചോദിക്കുകയും അവയുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുയാണെന്നും മനേക പറഞ്ഞു. കൂടാതെ അലക്കു തൊഴിലാളികള്‍ പോലും ഇപ്പോൾ കഴുതയെ ഉപയോഗിക്കുന്നത് നിർത്തിയിരിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം കഴുതകളുടെ എണ്ണം കുറയുകയാണെന്ന് മനസിലാക്കി ലഡാക്കിലെ ഒരു സമുദായം അവയെ കറവയ്ക്കായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ അവർ അവയുടെ പാലില്‍ നിന്ന് സോപ്പ് നിര്‍മിക്കാനും അരംഭിച്ചു. കഴുതകളുടെ പാലില്‍ നിന്ന് നിര്‍മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സ്ത്രീകളുടെ ശരീര സൗന്ദര്യം എല്ലാകാലത്തും ഭംഗിയുള്ളതായി നിലനിര്‍ത്തുമെന്നും അവര്‍ പറഞ്ഞു.