ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം സെർബിയൻ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി. പുരുഷ സിംഗിൾസ് കിരീടപ്പോരാട്ടത്തിൽ ഗ്രീസിൻ്റെ താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6-3, 7-6, 7-6 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് തൻ്റെ പത്താം കിരീടം നേടിയത്.
അവസാന മത്സരത്തിൽ ഗംഭീര തുടക്കമിട്ട ജോക്കോവിച്ച് ആദ്യ സെറ്റ് 6-3ന് തന്നെ സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഇരു താരങ്ങളും വാശിയേറിയ പോരാട്ടമായിരുന്നെങ്കിലും ഒടുവിൽ 7-6ന് ജോക്കോവിച്ച് വിജയിയായി. മൂന്നാം സെറ്റിലും സിറ്റ്സിപാസ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ജോക്കോവിച്ചിനെ മറികടക്കാൻ കഴിയാതെ വന്നതോടെ ജോക്കോവിച്ച് 7-6ന് ജയിച്ചു.
പത്ത് തവണ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ പുരുഷ താരമാണ് നൊവാക് ജോക്കോവിച്ച്. മുമ്പ് 2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021 എന്നീ വർഷങ്ങളിൽ ജോക്കോവിച്ച് കിരീടം നേടിയിട്ടുണ്ട്. ഇതോടെ കരിയറിലെ ആകെ ഗ്രാന്‍ഡ്സ്ലാം നേട്ടം 22 ആയി. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരമെന്ന റാഫേല്‍ നദാലിൻ്റെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ജോക്കോവിച്ച്.